---
title: "ഒരു വയസുകാരിയുടെ മരണത്തിൽ ദുരൂഹത ;  കഴുത്തിൽ പാടുകൾ, ചുണ്ട് പൊട്ടിയ നിലയിൽ, അമ്മ കസ്റ്റഡിയില്‍"
english_title: "Mystery surrounds death of one-year-old girl; scars on neck, broken lip, mother in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347335/mystery-surrounds-death-of-one-year-old-girl-scars-on-neck-broken-lip-mother-in-custody"
published_at: "2026-03-12T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2f05494583_Untitled-7_copy.jpg"
keywords: []
---

# ഒരു വയസുകാരിയുടെ മരണത്തിൽ ദുരൂഹത ;  കഴുത്തിൽ പാടുകൾ, ചുണ്ട് പൊട്ടിയ നിലയിൽ, അമ്മ കസ്റ്റഡിയില്‍

> **Lead Summary:** വാമനപുരം കണിച്ചോട് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി.

## Article Content

വാമനപുരം കണിച്ചോട് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് പായയില്‍ നിലത്ത് കിടക്കുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിന്റെ പ്രായം. ചലനമറ്റ നിലയില്‍ കിടന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തി. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് പൊലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്.

ഇപ്പോള്‍ അശ്വതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്. കുഞ്ഞിന് പരുക്കേറ്റ സാഹചര്യം എങ്ങനെയുണ്ടായെന്ന് പൊലീസ് വിശദമായി പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347335/mystery-surrounds-death-of-one-year-old-girl-scars-on-neck-broken-lip-mother-in-custody)