---
title: "തലശേരിക്ക് സ്വാദൂറും  നൂറ് വർഷം..! ; മോഡേൺ ഹോട്ടൽ വെള്ളിയാഴ്ച നൂറാം വയസിലേക്ക് ;  സ്പീക്കറും, ചെയർമാനും ആഘോഷത്തിനെത്തും"
english_title: "Thalassery celebrates its 100th anniversary..! ; Modern Hotel turns 100 on Friday; Speaker and Chairman to attend the celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347115/thalassery-celebrates-its-100th-anniversary-modern-hotel-turns-100-on-friday-speaker-and-chairman-to-attend-the-celebration"
published_at: "2026-03-11T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1838a1cb73_Untitled-2_copy.jpg"
keywords: []
---

# തലശേരിക്ക് സ്വാദൂറും  നൂറ് വർഷം..! ; മോഡേൺ ഹോട്ടൽ വെള്ളിയാഴ്ച നൂറാം വയസിലേക്ക് ;  സ്പീക്കറും, ചെയർമാനും ആഘോഷത്തിനെത്തും

> **Lead Summary:** തലശ്ശേരിയിൽ 1926-ലാണ് മോഡേൺ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നത്. വർഷം നൂറ് പിന്നിടുമ്പോഴും രുചിയിൽ ഇപ്പോഴും ഹോട്ടൽ മോഡേൺ തന്നെ. എം.ജി. റോഡിൽ ബി.ഇ.എം. പി ഹൈസ്‌കൂളിന് മുന്നിലുള്ള മോഡേൺ ഹോട്ടൽ രുചിയിലൂടെ നൂറിന്റെ നിറവിൽ. ഉച്ചയ്ക്ക് 12-ന് തുടങ്ങുന്ന ഊൺ വൈകീട്ട് നാലു വരെ തുടരും.

## Article Content

തലശ്ശേരിയിൽ 1926-ലാണ് മോഡേൺ ഹോട്ടൽ പ്രവർത്തനമാരംഭിക്കുന്നത്. വർഷം നൂറ് പിന്നിടുമ്പോഴും രുചിയിൽ ഇപ്പോഴും ഹോട്ടൽ മോഡേൺ തന്നെ. എം.ജി. റോഡിൽ ബി.ഇ.എം. പി ഹൈസ്‌കൂളിന് മുന്നിലുള്ള മോഡേൺ ഹോട്ടൽ രുചിയിലൂടെ നൂറിന്റെ നിറവിൽ. ഉച്ചയ്ക്ക് 12-ന് തുടങ്ങുന്ന ഊൺ വൈകീട്ട് നാലു വരെ തുടരും.

കുഞ്ഞിക്കണ്ണൻ ബട്ളർ തുടങ്ങിയ ഹോട്ടൽ ഇപ്പോൾ നടത്തു ന്നത് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ അക്ഷയ്. തുടക്കത്തിൽ ഹോട്ടലും ടീ ഷോപ്പുമാ യിരുന്നു.

ബ്രിട്ടിഷ് ഭരണകാലത്ത് സായിപ്പിന്റെ അടുക്കളക്കാരനായിരുന്നു കുഞ്ഞിക്കണ്ണൻ ബട്ളർ, കുഞ്ഞിക്കണ്ണൻ നടത്തിയ ഹോട്ടൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഭാര്യ ദേവൂട്ടി ഏറ്റെടുത്തു. ദേവൂട്ടി ഹോട്ടൽ നടത്തുമ്പോൾ എരഞ്ഞാളിയിലെ എൻ.കെ. ദാമോദരൻ തൊഴിൽ തേടി ഹോട്ടലിലെത്തി. ചെറുപ്രായത്തിൽ തൊഴിലാളിയായി. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഹോട്ടൽ നടത്തിപ്പ് ദാമോദരൻ്റെ ചുമതലയായി. തലശ്ശേരി മാർക്കറ്റിൽ നിന്ന് ഗുണനില വാരമുള്ള പച്ചക്കറിയും മീനും വാങ്ങാൻ തുടങ്ങിയതോടെ ഹോട്ടൽ ചർച്ചയായി. ഇതോടെ കൂടുതൽ ആളുകൾ ഉച്ചഭക്ഷണത്തിനെത്തി തുടങ്ങി.

പതിയെ ഹോട്ടലിന്റെ പ്രചാരം കൂടി. ഊണിനൊപ്പമുള്ള മട്ടൺ ചാപ്സിനോടാണ് ആളുകൾക്ക് കൂടുതൽ താത്പര്യം. ദേവൂട്ടിയുടെ മകൾ ടി.കെ. ദമയന്തിയെ ദാമോദരൻ കല്യാണം കഴിച്ചു. സി.കെ. പി. ചെറിയമ്മുക്കേയിയുടെ കൈവശമായിരുന്ന ഹോട്ടൽ കെട്ടിടം ദാമോദരൻ വാങ്ങി. കെട്ടിടത്തിന്റെ മുകൾനിലയിലും ഹോട്ടൽ തുടങ്ങി. 82-ാം വയസ്സുവരെ അദ്ദേഹം

ഹോട്ടലിലെത്തി ഭക്ഷണം വിളമ്പി. 2014-ൽ 86-ാം വയസ്സിൽ ദാമോദരൻ മരിച്ചതോടെ മക്കളായ മുരളീധരനും പുഷ്പമിത്രനും (ബാബു) നടത്തിപ്പ് ഏറ്റെടുത്തു.

2021-ൽ പുഷ്പമിത്രൻ മരിച്ചതോടെ ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിലായി. അതോടെ മുരളീധരൻ്റെ മകൻ അക്ഷയ് നടത്തിപ്പ് ഏറ്റെടുത്തു. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ അക്ഷയ് ബെംഗളൂരു മെഷിൻ എലിമെൻസിൽ ലൈൻമാനേജർ ജോലി ഒഴിവാക്കിയാണ് ഹോട്ടൽ നടത്തിപ്പിലെത്തിയത്. ചെറുപ്പത്തിൽ അച്ഛാച്ഛനൊപ്പം ഹോട്ടലിൽ വന്ന ശീലം. അച്ഛാച്ഛനോടള്ള ഇഷ്ടവും ഹോട്ടൽ മേഖലയി ലെത്താൻ കാരണമായെന്ന് അക്ഷയ് പറഞ്ഞു. ഊണിന് ശേഷം വൈകീട്ട് അഞ്ചുമുതൽ ഒൻപതര വരെ ചായയും പലഹാരവുമാണ്.

ഏഴ് സ്ത്രീകൾ ഉൾപ്പെടെ 35 തൊഴിലാളികളുണ്ട്. 10 പേർ പാചകക്കാരാണ്. ദിവസവും രാവിലെ അഞ്ചിന് ചോറുണ്ടാക്കാൻ തുടങ്ങും. ഹോട്ടലിലെ ഭക്ഷണത്തെ ക്കുറിച്ച് മുൻമന്ത്രി എ.കെ. ബാലൻ ഒരുതവണ നിയമസഭയിൽ പരാമർശിച്ചിരുന്നു. 100-ാം വാർഷികം വെള്ളിയാഴ്ച ആഘോഷിക്കും. സ്പീക്കർ അഡ്വ.എ.എൻ ഷംസീറും, തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരനും വിശിഷ്ഠാതിഥികളായി നൂറാം വാർഷികത്തിനെത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347115/thalassery-celebrates-its-100th-anniversary-modern-hotel-turns-100-on-friday-speaker-and-chairman-to-attend-the-celebration)