---
title: "അമേരിക്കയുമായി സമവായമില്ല ; യുദ്ധത്തിനും, സമാധാനത്തിനും ഇറാൻ തയ്യാറെന്ന് അംബാസിഡർ"
english_title: "No consensus with America; Iran ready for war and peace, says ambassador"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345756/no-consensus-with-america-iran-ready-for-war-and-peace-says-ambassador"
published_at: "2026-03-05T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a93aee15166_download_(1).jfif"
keywords: []
---

# അമേരിക്കയുമായി സമവായമില്ല ; യുദ്ധത്തിനും, സമാധാനത്തിനും ഇറാൻ തയ്യാറെന്ന് അംബാസിഡർ

> **Lead Summary:** പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കലുഷിതമായ സാഹചര്യങ്ങൾക്കിടയിൽ, ഇറാൻ യുദ്ധത്തിനും സമാധാനത്തിനും ഒരുപോലെ സജ്ജമാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കി.തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടത് ഒരു പിതാവിനെ നഷ്ടപ്പെട്ടതിന് തുല്യമാണെന്നും അദ്ദേഹം ചരിത്രത്തിലെ ശരിയുടെ പക്ഷത്തായിരുന്നുവെന്നും ദില്ലിയിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കലുഷിതമായ സാഹചര്യങ്ങൾക്കിടയിൽ, ഇറാൻ യുദ്ധത്തിനും സമാധാനത്തിനും ഒരുപോലെ സജ്ജമാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കി.തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടത് ഒരു പിതാവിനെ നഷ്ടപ്പെട്ടതിന് തുല്യമാണെന്നും അദ്ദേഹം ചരിത്രത്തിലെ ശരിയുടെ പക്ഷത്തായിരുന്നുവെന്നും ദില്ലിയിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇറാന്റെ കരുത്ത് എന്താണെന്ന് അമേരിക്കയ്ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും, ഈ ഘട്ടത്തിൽ യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഇറാന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധാന ശ്രമങ്ങളെ അട്ടിമറിച്ചത് തങ്ങളല്ലെന്നും നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി യാതൊരുവിധ സമവായ ചർച്ചകൾക്കും രാജ്യം തയ്യാറല്ലെന്നുമാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യയുടെ സമ്പത്ത് കൊള്ളയടിക്കാനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നതെന്നും ഇതിനിടയിൽ സ്കൂളുകൾ പോലും തകർക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയിൽ ഇറാൻ എന്നും സത്യസന്ധതയാണ് പുലർത്തിയത്, എന്നാൽ പകരം ലഭിച്ചത് കയ്പേറിയ അനുഭവങ്ങൾ മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ഇറാൻ എന്നും ആഗ്രഹിച്ചിട്ടുള്ളത്.

എന്നാൽ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ തുറന്നു നൽകിയത് ഈ അയൽരാജ്യങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ താവളങ്ങളിൽ നിന്നാണ് ഇറാന്റെ മണ്ണിലേക്ക് ആക്രമണമുണ്ടായതെന്നും ചില രാജ്യങ്ങൾ ബോധപൂർവ്വം യുദ്ധത്തിന് വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള മധ്യസ്ഥ ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഇന്ത്യൻ അധികൃതരോട് ചോദിക്കണമെന്നും കാലങ്ങളായി ഇന്ത്യയുമായി ഇറാൻ അടുത്ത സൗഹൃദമാണ് പുലർത്തുന്നതെന്നും അംബാസിഡർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345756/no-consensus-with-america-iran-ready-for-war-and-peace-says-ambassador)