---
title: "കുത്തിവെപ്പ് നൽകിയതിനെ തുടർന്ന്  നിമിഷങ്ങൾക്കകം ബോധം പോയി ;  കാട്ടാക്കടയിൽ  രണ്ടര വയസുകാരി മരിച്ചതിന് പിന്നിൽ  ചികിത്സാപ്പിഴവെന്ന് ആരോപണം"
english_title: "Two-and-a-half-year-old girl loses consciousness moments after being given injection; Medical malpractice alleged behind death in Kattakada"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343613/two-and-a-half-year-old-girl-loses-consciousness-moments-after-being-given-injection-medical-malpractice-alleged-behind-death-in-kattakada"
published_at: "2026-02-23T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bc1c341005_699ba112d27c8_babydeath.jpg"
keywords: []
---

# കുത്തിവെപ്പ് നൽകിയതിനെ തുടർന്ന്  നിമിഷങ്ങൾക്കകം ബോധം പോയി ;  കാട്ടാക്കടയിൽ  രണ്ടര വയസുകാരി മരിച്ചതിന് പിന്നിൽ  ചികിത്സാപ്പിഴവെന്ന് ആരോപണം

> **Lead Summary:** ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.

## Article Content

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു.

ആശുപത്രിയിലെത്തും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ ഈ വിവരം പോലും തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മരിച്ചെന്നാണ് നെയ്യാര്‍ മെഡിസിറ്റി അധികൃതര്‍ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

രണ്ട് കൈയിലും കുത്തിവയ്പ്പ് എടുത്തയുടന്‍ തന്നെ കുഞ്ഞ് ശ്വാസമെടുക്കാനാകാതെ പിടഞ്ഞെന്നും ചുണ്ടുകള്‍ കോടിയതായി തോന്നിയെന്നുമാണ് പിതാവ് പറഞ്ഞത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആര്യനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ആര്യനാട് പോലീസ് കേസെടുത്തു. സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഐഷ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343613/two-and-a-half-year-old-girl-loses-consciousness-moments-after-being-given-injection-medical-malpractice-alleged-behind-death-in-kattakada)