---
title: "മാലിന്യ സംസ്കരണം കാര്യക്ഷമമല്ല ; ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് കാൽ ലക്ഷം പിഴ"
english_title: "Waste management is inefficient; Olavilam Ramakrishna High School fined a quarter of a lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341043/waste-management-is-inefficient-olavilam-ramakrishna-high-school-fined-a-quarter-of-a-lakh"
published_at: "2026-02-09T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69899bbe20c2e_Untitled-3_copy.jpg"
keywords: []
---

# മാലിന്യ സംസ്കരണം കാര്യക്ഷമമല്ല ; ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് കാൽ ലക്ഷം പിഴ

> **Lead Summary:** തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചൊക്ലി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനത്തിന് ഒളവിലത്തെ രാമകൃഷ്ണ ഹൈസ്കൂളിന് പിഴചുമത്തി.മാലിന്യ സംസ്കരണത്തിന്റെ ബാലപാഠമായ തരംതിരിക്കൽ പോലും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് സ്ക്വാഡ് കണ്ടെത്തി.

## Article Content

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചൊക്ലി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനത്തിന് ഒളവിലത്തെ രാമകൃഷ്ണ ഹൈസ്കൂളിന് പിഴചുമത്തി.മാലിന്യ സംസ്കരണത്തിന്റെ ബാലപാഠമായ തരംതിരിക്കൽ പോലും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് സ്ക്വാഡ് കണ്ടെത്തി.

സ്കൂൾ കോമ്പൗണ്ടിൽ മലിനജലം ഒഴുക്കിവിടുന്നതായി സ്ക്വാഡ് കണ്ടെത്തി. പ്രധാന വാഷ്ബേസിൽ നിന്നുള്ള മലിനജല നിർഗമനക്കുഴൽ തൊട്ടടുത്ത തോട്ടിലേക്ക് ഒലിച്ചിറങ്ങുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.ക്ലാസുകളിൽ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വയ്ക്കാനുള്ള ബിന്നുകൾ ഒരുക്കിയിരുന്നില്ല.

ക്ലാസ് മുറികളുടെ ജനലിൽ കൂടി ജൈവ അജൈവമാലിന്യങ്ങൾ വൻതോതിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.ജൈവ മാലിന്യ സംസ്കരണത്തിനായി സ്കൂളിൻ്റെ പഴയ ബ്ലോക്കിൽ സ്ഥാപിച്ചിരിക്കുന്ന റിങ്ങ് കമ്പോസ്റ്റുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുത്തിനിറച്ച രീതിയിലാണ് കാണപ്പെട്ടത്.പഞ്ചായത്തീരാജ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം മാലിന്യം വലിച്ചെറിഞ്ഞതിനും മാലിന്യങ്ങൾ തരംതിരിച്ച് പൂർണമായും ഏജൻസിക്ക് കൈമാറാതിരുന്നതിനും മലിന ജലം ഒഴുക്കി വിട്ടതിനും കൂടി ആകെ 25000 രൂപപിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.നിലവിൽ സ്കൂളിന് നൽകിയ ഹരിത സ്ഥാപന പദവി പുനപരിശോധിക്കാനും സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി.പരിശോധനയിൽ ജില്ലാ സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ അജയകുമാർ കെ ആർ, പ്രവീൺ പി എസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രംന സി എൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341043/waste-management-is-inefficient-olavilam-ramakrishna-high-school-fined-a-quarter-of-a-lakh)