---
title: "ചൊക്ലിയിൽ  ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക്ക്  ക്യാരിബാഗുകൾ പിടിച്ചെടുത്തു ; 10,000 രൂപ പിഴ ചുമത്തി "
english_title: "One quintal of banned plastic carry bags seized in Chokli; Rs 10,000 fine imposed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340973/one-quintal-of-banned-plastic-carry-bags-seized-in-chokli-rs-10000-fine-imposed"
published_at: "2026-02-09T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69896a510072e_Untitled-2_copy.jpg"
keywords: []
---

# ചൊക്ലിയിൽ  ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക്ക്  ക്യാരിബാഗുകൾ പിടിച്ചെടുത്തു ; 10,000 രൂപ പിഴ ചുമത്തി 

> **Lead Summary:** ചൊക്ലി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ക്വിൻ്റലിലധികം നിരോധിത ക്യാരിബാഗുകൾ പിടികൂടി. ബൈപാസ് റോഡിലെ അൽ -നൂർ എന്ന സ്ഥാപനത്തിൽ നിന്നാണ് ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിവിധതരത്തിലും അളവിലും ഉള്ള ക്യാരിബാഗുകൾ പിടിച്ചെടുത്തത്.

## Article Content

ചൊക്ലി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ക്വിൻ്റലിലധികം നിരോധിത ക്യാരിബാഗുകൾ പിടികൂടി. ബൈപാസ് റോഡിലെ അൽ -നൂർ എന്ന സ്ഥാപനത്തിൽ നിന്നാണ് ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിവിധതരത്തിലും അളവിലും ഉള്ള ക്യാരിബാഗുകൾ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിൽ ചൊക്ലി ,പക്കോം, കവിയൂർ, ഒളവിലം ഭാഗങ്ങളിലെ കടകളിൽ ക്യാരി ബാഗുകൾ ഉപയോഗിക്കുന്നതായി സ്ക്വാഡിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെറുകിട വ്യാപാരികളിൽ നിന്നാണ് ഈ കടയെക്കുറിച്ച് വിവരം കിട്ടിയത്. അനുമതിയുള്ള ക്യാരിബാഗുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യമായി തന്നെയാണ് നിരോധിത ക്യാരിബാഗുകൾ വിൽപ്പന നടത്തിയിരുന്നത്.

ഈ കടയിലേക്ക് നിരോധിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന അനധികൃത ഏജൻസിയെ കുറിച്ചും വ്യക്തമായ സൂചനകൾ സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്.പിടിച്ചെടുത്ത 101 കിലോ ക്യാരി ബാഗുകൾ ഹരിത കർമ്മ സേനയുടെ വാഹനത്തിൽ പഞ്ചായത്ത് എംസിഎഫിലേക്ക് മാറ്റി.10000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചൊക്ലി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.നിരോധിത ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളെ സംബന്ധിച്ചോ വിൽപ്പനയ്ക്ക് എത്തിക്കുന്ന ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങളെ കുറിച്ചോ സൂചനകൾ ലഭിക്കുന്നവർക്ക് 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിൽ വിവരങ്ങൾ നൽകാവുന്നതാണ്.പ്രസ്തുത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തിയാൽ ചുമത്തുന്ന പിഴയുടെ 25 ശതമാനമായ 2500 രൂപ വിവരം നൽകുന്നവർക്ക് പാരിതോഷികം ലഭിക്കും .

പരിശോധനയിൽ ജില്ലാ സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ അജയകുമാർ കെ ആർ, പ്രവീൺ പി എസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രംന സി എൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340973/one-quintal-of-banned-plastic-carry-bags-seized-in-chokli-rs-10000-fine-imposed)