---
title: "കടുവത്തോലും, നഖങ്ങളും,  പല്ലുകളും  വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം കതിരൂരിൽ  പിടിയില്‍ ; അറസ്റ്റിലായത് കല്ലിക്കണ്ടി, ചെറുവാഞ്ചേരി, എരുവട്ടി സ്വദേശികൾ"
english_title: "A seven-member gang that tried to sell tiger skin, claws and teeth was caught in Kathiroor; the arrested were natives of Kallikandi, Cheruvanchery and Eruvatty."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340803/a-seven-member-gang-that-tried-to-sell-tiger-skin-claws-and-teeth-was-caught-in-kathiroor-the-arrested-were-natives-of-kallikandi-cheruvanchery-and-eruvatty"
published_at: "2026-02-07T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987602d45e78_Untitled-1_copy.jpg"
keywords: []
---

# കടുവത്തോലും, നഖങ്ങളും,  പല്ലുകളും  വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം കതിരൂരിൽ  പിടിയില്‍ ; അറസ്റ്റിലായത് കല്ലിക്കണ്ടി, ചെറുവാഞ്ചേരി, എരുവട്ടി സ്വദേശികൾ

> **Lead Summary:** പാനൂർ : കടുവയുടെ തോല്‍, പല്ലുകള്‍, നഖം എന്നിവ വില്‍പന നടത്താന്‍ ശ്രമിച്ച ഏഴംഗസംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലന്‍സും ചേര്‍ന്ന് പിടികൂടി. കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസര്‍ ടി.നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.

## Article Content

പാനൂർ : കടുവയുടെ തോല്‍, പല്ലുകള്‍, നഖം എന്നിവ വില്‍പന നടത്താന്‍ ശ്രമിച്ച ഏഴംഗസംഘത്തെ വനപാലകരും ഫോറസ്റ്റ് വിജിലന്‍സും ചേര്‍ന്ന് പിടികൂടി. കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസര്‍ ടി.നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ രഹസ്യവിവര പ്രകാരം കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്.വൈശാഖിന്റെ നിര്‍ദേശത്തില്‍ കതിരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ആദ്യഘട്ടത്തില്‍ കതിരൂരില്‍ വച്ച് എരുവട്ടി സ്വദേശി എന്‍.അശ്വിന്‍, ചെറുവാഞ്ചേരി സ്വദേശികളായ പി.എം സന്ദീഷ്, സി.ബാലന്‍ എന്നിവരെയാണ് പിടികൂടിയത്.

ഇവരില്‍ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികള്‍ പിടിയിലായത്.

കല്ലിക്കണ്ടി സ്വദേശി കെ.കെ ശരത് , മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിലെ വി.കെ വിതുല്‍, മലാല്‍ സ്വദേശി ടി.പി രഖില്‍ എന്നിവരെയും അന്വേഷണ സംഘം പിടികൂടി.

കടുവയുടെ ശരീരഭാഗങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പിടിച്ചെടുത്തു. കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസര്‍ നിതിന്‍ രാജ്, കണ്ണൂര്‍ വിജിലന്‍സ് റെയ്ഞ്ച് ഓഫിസര്‍ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ രമ്യ, ബി.സി വിപീഷ്, കണ്ണൂര്‍ ഫോറസ്റ്റ് വിജിലന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി മുകേഷ് സി. ഷിനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ വിജിലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഷജ്‌ന, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.രതീശന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340803/a-seven-member-gang-that-tried-to-sell-tiger-skin-claws-and-teeth-was-caught-in-kathiroor-the-arrested-were-natives-of-kallikandi-cheruvanchery-and-eruvatty)