---
title: "മാലിന്യക്കൂമ്പാരം രൂപപ്പെട്ട തലശേരി ഓടത്തിൽ പള്ളിയിലേക്കുള്ള  റോഡിന് അതിശയകരമായ മാറ്റം ; കൗൺസിലർ നൂറ ടീച്ചർക്ക് കൈയ്യടി"
english_title: "Amazing change in the road to the church in Thalassery Odathil, where a pile of garbage had formed; Councilor Noora applauds the teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340172/amazing-change-in-the-road-to-the-church-in-thalassery-odathil-where-a-pile-of-garbage-had-formed-councilor-noora-applauds-the-teacher"
published_at: "2026-02-04T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698367850f4a9_Untitled-5_copy.jpg"
keywords: []
---

# മാലിന്യക്കൂമ്പാരം രൂപപ്പെട്ട തലശേരി ഓടത്തിൽ പള്ളിയിലേക്കുള്ള  റോഡിന് അതിശയകരമായ മാറ്റം ; കൗൺസിലർ നൂറ ടീച്ചർക്ക് കൈയ്യടി

> **Lead Summary:** പൗര പ്രമാണികമായ തലശേരി ഓടത്തിൽ പള്ളിയിലേക്കുള്ള വഴി ശുചിയാക്കി ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കി. വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന റോഡ് സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായിരുന്നു. വാർഡ് കൗൺസിലർ നൂറ നാസറിൻ്റെ ഇടപെടലാണ് തലശേരി നഗരത്തിലെ ഹൃദയഭാഗത്തെ ഈ വഴിയെ മനോഹരമാക്കിയത്.

## Article Content

പൗര പ്രമാണികമായ തലശേരി ഓടത്തിൽ പള്ളിയിലേക്കുള്ള വഴി ശുചിയാക്കി ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കി. വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന റോഡ് സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായിരുന്നു. വാർഡ് കൗൺസിലർ നൂറ നാസറിൻ്റെ ഇടപെടലാണ് തലശേരി നഗരത്തിലെ ഹൃദയഭാഗത്തെ ഈ വഴിയെ മനോഹരമാക്കിയത്.

തലശേരി എൻസിസി റോഡിൽ നിന്നും ഓടത്തിൽ പള്ളിയിലേക്കും, ലോഗൻസ് റോഡിലേക്കുമുള്ള എളുപ്പവഴിയാണ് വർഷങ്ങളായി മാലിന്യ നിക്ഷേപ കേന്ദ്രവും, സാമൂഹ്യ വിരുദ്ധ താവളവുമായത്. പൗരാണിക പ്രശസ്തമായ ഓടത്തിൽ പള്ളിയിലേക്കുള്ള വഴിയുടെ ശോച്യാവസ്ഥ പള്ളിക്കമ്മിറ്റി സെക്രട്ടറി സി.ഒ.ടി അമീർ അലി മാസ്റ്റർ നഗരസഭാ കൗൺസിലർ നൂറാ നാസറിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഗൗരവം ഉൾക്കൊണ്ട് പ്രശ്നത്തിൽ ഇടപെട്ട കൗൺസിലർ നഗരസഭാ ഹെൽത്ത് വിഭാഗത്തിൻ്റെ സഹായം തേടി. ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ വിലങ്ങിൽ, കുഞ്ഞിക്കണ്ണൻ എന്നിവർ ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് മാലിന്യം പൂർണമായും നീക്കം ചെയ്തു. പിന്നീട് പള്ളിക്കമ്മിറ്റിയുടെയും, സമീപത്തെ വ്യാപാരികളുടെയും സാമ്പത്തിക സഹായത്തോടെ മതിൽ കെട്ടുകയും 150 മീറ്ററോളമുള്ള റോഡ് ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കുകയും ചെയ്തു. കൗൺസിലർ എന്ന നിലയിൽ ഇത്തരമൊരു പ്രവൃത്തി ഏറ്റെടുത്ത് നടത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് നൂറനാസർ പറഞ്ഞു. റോഡിനിരുവശവും ചെടിച്ചട്ടികൾ വച്ചുപിടിപ്പിക്കാനും, സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. റോഡ് സഞ്ചാരയോഗ്യമായതോടെ സാമൂഹ്യ വിരുദ്ധ ശല്യം അവസാനിച്ചതായും, കൗൺസിലറുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതായും സമീപത്തെ വ്യാപാരിയായ മുഹമ്മദ് സാലിയും പറഞ്ഞു. നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340172/amazing-change-in-the-road-to-the-church-in-thalassery-odathil-where-a-pile-of-garbage-had-formed-councilor-noora-applauds-the-teacher)