---
title: "ഇൻഷുറൻസ് തീർന്നത് മണിക്കൂറുകൾക്ക് മുമ്പ് ;  ബൈക്ക് യാത്രികനായ 19 കാരൻ്റെ  മരണത്തിൽ കാറുടമയും, മകനും 42 ലക്ഷം  നൽകണം"
english_title: "Insurance expired hours ago; Car owner and son to pay Rs 42 lakhs for death of 19-year-old biker"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339643/insurance-expired-hours-ago-car-owner-and-son-to-pay-rs-42-lakhs-for-death-of-19-year-old-biker"
published_at: "2026-02-02T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69805cba9648d_images.jfif"
keywords: []
---

# ഇൻഷുറൻസ് തീർന്നത് മണിക്കൂറുകൾക്ക് മുമ്പ് ;  ബൈക്ക് യാത്രികനായ 19 കാരൻ്റെ  മരണത്തിൽ കാറുടമയും, മകനും 42 ലക്ഷം  നൽകണം

> **Lead Summary:** തലേന്ന് രാത്രി ഇൻഷൂറൻസ് കാലാവധി കഴിഞ്ഞ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും ചേർന്ന് നഷ്ടപരിഹാരം നൽകാൻ വിധി. 42 ലക്ഷം രൂപയാണ് മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകേണ്ടത്. കോട്ടയം സ്വദേശി അനന്തു കെ. വേണു മരിച്ചസംഭവത്തിലാണ് കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്‌ജി എസ്.സുഭാഷ് വിധി പറഞ്ഞത്.

## Article Content

തലേന്ന് രാത്രി ഇൻഷൂറൻസ് കാലാവധി കഴിഞ്ഞ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാറുടമയും വാഹനം ഓടിച്ചിരുന്ന മകനും ചേർന്ന് നഷ്ടപരിഹാരം നൽകാൻ വിധി. 42 ലക്ഷം രൂപയാണ് മരിച്ച വ്യക്തിയുടെ കുടുംബത്തിന് നൽകേണ്ടത്. കോട്ടയം സ്വദേശി അനന്തു കെ. വേണു മരിച്ചസംഭവത്തിലാണ് കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്‌ജി എസ്.സുഭാഷ് വിധി പറഞ്ഞത്.

2023 മാർച്ച് 27-ന് വൈകീട്ട് 4.25-നാണ് അപകടം. കോട്ടയം-കുമളി എൻ.എച്ച്. 183 റോഡിൽ കാഞ്ഞിരപ്പള്ളിയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് ഓടിച്ചുവന്ന കാർ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിന് മുൻപിൽ എത്തിയപ്പോൾ എതിരേവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അനന്തു കെ. വേണു ബൈക്കിൽനിന്ന് പൊങ്ങിത്തെറിച്ച് മുഖമടിച്ചു വീണു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു.

തലേദിവസം അർധരാത്രിവരെ കാറിന് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി പോലീസ് രജിസ്റ്റർചെയ്ത കേസിൽ, അനന്തുവിന്റെ മാതാപിതാക്കൾ നഷ്‌ടപരിഹാരത്തിനായി കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.ഹർജിക്കാർക്കുവേണ്ടി അഡ്വ. വി.ബി. ബിനു കോടതിയിൽ ഹാജരായി. കൃത്യസമയത്ത് വാഹനങ്ങളുടെ ഇൻഷൂറൻസ് പുതുക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കു'ന്നതാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339643/insurance-expired-hours-ago-car-owner-and-son-to-pay-rs-42-lakhs-for-death-of-19-year-old-biker)