---
title: "വീട്ടു തർക്കങ്ങളുടെ പേരിൽ  12 വയസ്സുകാരനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു ; മൃതദേഹത്തിന്റെ ഫോട്ടോ അമ്മ'ക്ക് അയച്ച് കൊടുത്ത് പ്രതി"
english_title: "12-year-old boy killed and dumped in bushes over domestic dispute; Accused sends photo of body to mother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339565/12-year-old-boy-killed-and-dumped-in-bushes-over-domestic-dispute-accused-sends-photo-of-body-to-mother"
published_at: "2026-02-02T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698024a91c921_Untitled-2_copy.jpg"
keywords: []
---

# വീട്ടു തർക്കങ്ങളുടെ പേരിൽ  12 വയസ്സുകാരനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു ; മൃതദേഹത്തിന്റെ ഫോട്ടോ അമ്മ'ക്ക് അയച്ച് കൊടുത്ത് പ്രതി

> **Lead Summary:** വടക്കുകിഴക്കൻ ദില്ലിയിൽ 12 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ.സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടുപോയ കുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ക്രൂരതയ്ക്ക് ശേഷം ഇതിൻറെ ഫോട്ടോകൾ അമ്മയ്ക്ക് അയച്ചുകൊടുക്കാനും പ്രതിക്ക് മടിയുണ്ടായില്ല.

## Article Content

വടക്കുകിഴക്കൻ ദില്ലിയിൽ 12 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ.സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടുപോയ കുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ക്രൂരതയ്ക്ക് ശേഷം ഇതിൻറെ ഫോട്ടോകൾ അമ്മയ്ക്ക് അയച്ചുകൊടുക്കാനും പ്രതിക്ക് മടിയുണ്ടായില്ല.

വീട്ടുതർക്കങ്ങളെ തുടർന്നുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും തല തല്ലിത്തകർക്കുകയും ചെയ്ത ശേഷം, അതിക്രൂരമായാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ശാസ്ത്രി പാർക്ക് മേഖലയിലെ റോഡരികിലുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

വെള്ളിയാഴ്ച്‌ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ 9:50-ഓടെ ശാസ്ത്രി പാർക്ക് ചൗക്ക് ലൂപ്പിന് സമീപം ഒരു കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നുണ്ടെന്ന് ശാസ്ത്രി പാർക്ക് പൊലീസിന് വിവരം ലഭിച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയെ ജഗ് പ്രവേഷ് ചന്ദ്ര ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട്, കൊല്ലപ്പെട്ട കുട്ടി ശാസ്ത്രി പാർക്ക് നിവാസിയും ഏഴാം ക്ലാസ് വിദ്യാർഥിയുമായ അൽത്താമാഷ് ആണെന്ന് തിരിച്ചറിഞ്ഞു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 103(1) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. ഒന്നിലധികം കുത്തേറ്റ മുറിവുകൾ, തലയ്ക്ക് ഗുരുതരമായ പരിക്കുകൾ, കണ്ണുകൾക്ക് ക്ഷതം എന്നിവ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ സ്ക്രൂഡ്രൈവർ കൊലപാതകത്തിന് ഉപയോഗിച്ച ആയുധമാണെന്ന് സംശയിക്കുന്നു.

കുടുംബാംഗങ്ങളുടെ മൊഴി പ്രകാരം, അൽത്താമാഷ് വ്യാഴാഴ്‌ച രാവിലെ സ്‌കൂളിലേക്ക് പോയിരുന്നുവെങ്കിലും ക്ലാസുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയില്ല. കുട്ടിക്കുവേണ്ടി കുടുംബം തിരച്ചിൽ നടത്തുന്നതിനിടെ, രണ്ടാനച്ഛനായ വാജിദ് ഖാൻ കുട്ടിയുടെ മൂത്ത സഹോദരൻ അമനെ വിളിച്ച് കൊലപാതക വിവരം പറയുകയായിരുന്നു. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്നും ഇയാൾ കുടുംബത്തെ അറിയിച്ചു. ഇത് കേട്ടപ്പോൾ തങ്ങളെ ഭയപ്പെടുത്താൻ നടത്തുന്ന ക്രൂരമായ ശ്രമമാണെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ റോഡരികിലെ കുറ്റിക്കാട്ടിൽ നിന്ന് അൽത്താമാഷിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം സത്യമാണെന്ന് അവർ തിരിച്ചറിഞ്ഞത്..

പ്രതിയും കുട്ടിയുടെ അമ്മയും തമ്മിലുള്ള ദാമ്പത്യ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ രണ്ടാനച്ഛൻ കുട്ടിയെ ലക്ഷ്യമിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതി ഒറ്റയ്ക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ കുറ്റം ചെയ്‌തതെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. മരണകാരണവും പരിക്കുകളുടെ കൃത്യമായ ക്രമവും കണ്ടെത്താൻ മൃതദേഹം ഗുരു തേജ് ബഹാദൂർ ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

നിലവിൽ പ്രതിയായ രണ്ടാനച്ഛൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള ഒന്നിലധികം പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഒളിത്താവളങ്ങളിൽ റെയ്‌ഡുകൾ നടത്തുകയും സാങ്കേതിക നിരീക്ഷണം ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.

സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ഒരു കുട്ടിക്കെതിരെയുള്ള അതിക്രൂരമായ കുറ്റകൃത്യമാണിതെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339565/12-year-old-boy-killed-and-dumped-in-bushes-over-domestic-dispute-accused-sends-photo-of-body-to-mother)