---
title: "പാനൂർ ടൗണിലെ മാലിന്യപ്രശ്നത്തിൽ കൗൺസിലറുടെ പരാതിക്ക് പിന്നാലെ കർശന നടപടികളുമായി നഗരസഭ ; സിസിടിവി നിരീക്ഷണവും, പൊതുശൗചാലയവും വരുന്നു"
english_title: "Following a councilor's complaint about the garbage problem in Panur Town, the municipality is taking strict action; CCTV surveillance and public toilets are coming"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337212/following-a-councilors-complaint-about-the-garbage-problem-in-panur-town-the-municipality-is-taking-strict-action-cctv-surveillance-and-public-toilets-are-coming"
published_at: "2026-01-20T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f0a522524e_Untitled-2_copy.jpg"
keywords: []
---

# പാനൂർ ടൗണിലെ മാലിന്യപ്രശ്നത്തിൽ കൗൺസിലറുടെ പരാതിക്ക് പിന്നാലെ കർശന നടപടികളുമായി നഗരസഭ ; സിസിടിവി നിരീക്ഷണവും, പൊതുശൗചാലയവും വരുന്നു

> **Lead Summary:** പാനൂർ: വെളിയിട മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചിട്ടും പാനൂർ ടൗണിലെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നഗരസഭാ അധികൃതർ കർശന നടപടി സ്വീകരിക്കുന്നു.

## Article Content

പാനൂർ: വെളിയിട മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചിട്ടും പാനൂർ ടൗണിലെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നഗരസഭാ അധികൃതർ കർശന നടപടി സ്വീകരിക്കുന്നു.

ടൗണിലെ ഇടവഴികളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതും വിസർജനം നടത്തുന്നതും പതിവായ സാഹചര്യത്തിൽ ഒന്നാം വാർഡ് കൗൺസിലർ ഷമീന സുബൈർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾക്ക് തീരുമാനമായത്.

​വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ എന്നിവർക്ക് കൗൺസിലർ നിവേദനം നൽകി. ടൗണിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടതായി കൗൺസിലർ അറിയിച്ചു:

​സിസിടിവി നിരീക്ഷണം.

മാലിന്യം തള്ളുന്നവരെയും പൊതുസ്ഥലം മലിനമാക്കുന്നവരെയും കണ്ടെത്താൻ ടൗണിലെ പ്രധാന കേന്ദ്രങ്ങളിലും ഇടവഴികളിലും ഉടനടി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ഈടാക്കാൻ സെക്രട്ടറി നിർദ്ദേശം നൽകി.

​ശുചീകരണവും ബോർഡുകളും: നിലവിൽ മാലിന്യം കുമിഞ്ഞുകൂടിയ സ്ഥലങ്ങൾ അടിയന്തരമായി ശുചീകരിക്കും. ഇത്തരം ഇടങ്ങളിൽ കർശനമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി.

​പൊതു ശൗചാലയം.

യാത്രക്കാർക്കും കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ശൗചാലയങ്ങളുടെ അഭാവം പരിഹരിക്കാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ അത്യാധുനിക രീതിയിലുള്ള പൊതുശൗചാലയം നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

​നഗരസഭയുടെ ശുചിത്വ പരിപാടികളുമായി ജനങ്ങളും വ്യാപാരികളും പൂർണ്ണമായി സഹകരിക്കണമെന്നും, ടൗണിനെ മാലിന്യമുക്തമായി നിലനിർത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഒന്നാം വാർഡ് കൗൺസിലർ ഷമീന സുബൈർ അഭ്യർത്ഥിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337212/following-a-councilors-complaint-about-the-garbage-problem-in-panur-town-the-municipality-is-taking-strict-action-cctv-surveillance-and-public-toilets-are-coming)