---
title: "കാർ കമ്പനിയിൽ ജോലി ; കണ്ണൂരിൽ  യുവാവിന്റെ ലക്ഷങ്ങൾ തട്ടിയ തൃശ്ശൂർ സ്വദേശിനിക്കെതിരെ കേസ്"
english_title: "Working in a car company; Case filed against Thrissur native who cheated a young man of lakhs in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335451/working-in-a-car-company-case-filed-against-thrissur-native-who-cheated-a-young-man-of-lakhs-in-kannur"
published_at: "2026-01-09T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69608debc1b69_1001054794.jpg"
keywords: []
---

# കാർ കമ്പനിയിൽ ജോലി ; കണ്ണൂരിൽ  യുവാവിന്റെ ലക്ഷങ്ങൾ തട്ടിയ തൃശ്ശൂർ സ്വദേശിനിക്കെതിരെ കേസ്

> **Lead Summary:** വിദേശത്തെ കാർ നിർമ്മാണ കമ്പനിയിൽ ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

വിദേശത്തെ കാർ നിർമ്മാണ കമ്പനിയിൽ ജോലി വിസ വാഗ്ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കണ്ണൂർ ആലക്കോട് വെള്ളാട് ആശാൻകവലയിലെ കോലഞ്ചേരിയിൽ കിരൺ പീറ്ററി (33)ൻ്റെ പരാതിയിൽ തൃശൂർ സ്വദേശിനി നിഷ അബ്‌ദുൾ സലീമിനെതിരെയാണ് കേസ്. യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ വർക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 2024 ഡിസംബർ 13 മുതൽ 2025 മാർച്ച് 13 വരെയുള്ള കാലയളവിനിടയിൽ പലതവണയായി 9,85,785 രൂപ അക്കൗണ്ട് മുഖാന്തിരം കൈപ്പറ്റിയശേഷം വിസയോ, പണമോ തിരിച്ചു നൽകാതെ നിഷ അബ്‌ദുൾ സലീം ചതിച്ചുവെന്നാണ് കിരൺ പീറ്ററിന്റെ പരാതി.

ആലക്കോട്ടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചാലക്കുടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചുനൽകിയത്. നിഷ നേരത്തെ വിദേശത്തായിരുന്നു. ഇവിടെയുള്ള ബന്ധു മുഖാന്തിരമാണ് കിരൺ നിഷയുമായി പരിചയപ്പെട്ടത്. തുടർന്നാണ് ജോലി വാഗ്ദാനം ചെയ്തതും, തട്ടിപ്പ് നടത്തിയതും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335451/working-in-a-car-company-case-filed-against-thrissur-native-who-cheated-a-young-man-of-lakhs-in-kannur)