---
title: "തലശേരിയിലെ ലതേഷ് വധക്കേസിൽ ആർ.എസ്.എസ് - ബിജെപി പ്രവർത്തകർക്ക് ലഭിച്ചത് പരമാവധി ശിഷ ;  ജീവപര്യന്തത്തിന് പുറമെ 1.40 ലക്ഷം രൂപ പിഴയും."
english_title: "In the Latesh murder case in Thalassery, RSS-BJP activists received the maximum punishment; life imprisonment and a fine of Rs 1.40 lakh."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335419/in-the-latesh-murder-case-in-thalassery-rss-bjp-activists-received-the-maximum-punishment-life-imprisonment-and-a-fine-of-rs-140-lakh"
published_at: "2026-01-08T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695fef047d50c_1001054445.jpg"
keywords: []
---

# തലശേരിയിലെ ലതേഷ് വധക്കേസിൽ ആർ.എസ്.എസ് - ബിജെപി പ്രവർത്തകർക്ക് ലഭിച്ചത് പരമാവധി ശിഷ ;  ജീവപര്യന്തത്തിന് പുറമെ 1.40 ലക്ഷം രൂപ പിഴയും.

> **Lead Summary:** തലശേരി: സി.പി.എം തിരുവങ്ങാട് ലോക്കല്‍കമ്മിറ്റി അംഗമായ തലായിയിലെ കെ. ലതേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്ന കേസില്‍ ഏഴു ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്ത്യം തടവും 1.40 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

## Article Content

തലശേരി: സി.പി.എം തിരുവങ്ങാട് ലോക്കല്‍കമ്മിറ്റി അംഗമായ തലായിയിലെ കെ. ലതേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്ന കേസില്‍ ഏഴു ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്ത്യം തടവും 1.40 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

കൂടാതെ വിവിധ വകുപ്പുകളില്‍ പ്രതികള്‍ക്ക് 35 വര്‍ഷം തടവും ശിക്ഷയുണ്ട്. എന്നാല്‍, ശിക്ഷ ഒരുമിച്ചു ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി. തലശേരി ജില്ലാസെഷന്‍സ് കോടതി (നാല്) ജഡ്ജി ജെ.

വിമല്‍ ആണ് ശിക്ഷിച്ചത്. നാലു പ്രതികളെ കോടതി വെറുതെ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ ഏഴു വരെയുള്ള തലായി പൊക്കായില്‍ ഹൗസില്‍ പി.സുമിത്ത് (കുട്ടന്‍-35), കൊമ്മല്‍ വയല്‍ വിശ്വവസന്തത്തില്‍ കെ.കെ പ്രജീഷ് ബാബു (പ്രജീഷ്-44), തലായി ബംഗാളി ഹൗസില്‍ ബി. നിധിന്‍ (നിധു-34), പുലിക്കൂല്‍ ഹൗസില്‍ കെ. സനല്‍ എന്ന ഇട്ടു (34), പാറേമ്മല്‍ ഹൗസ് സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (39), കുനിയില്‍ ഹൗസില്‍ സജീഷ് എന്ന ജീഷു (34), പഴയമഠത്തില്‍ വി. ജയേഷ് (36) എന്നിവരെയാണ് ശിക്ഷിച്ചത്.

ഒമ്പതു മുതല്‍ 12 വരെയുള്ള പ്രതികളായ തലായി ബാലഗോപാല ക്ഷേത്രം സെക്രട്ടറി ഗോപാല്‍ നിവാസില്‍ കെ. സന്തോഷ്‌കുമാര്‍ എന്ന ജുഗ്‌നു(51), ബി. ശരത് (ബംഗാളി ശരത്-37), ഇ.കെ സനീഷ് എന്ന സനീഷ് ബാബു (48), ബി.ജെ.പി നേതാവും നഗരസഭ മുന്‍ കൗണ്‍സിലറുമായ കുന്നുംപുറത്ത് അജേഷ് (49) എന്നിവരെയാണ് കോടതി

കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.

എട്ടാംപ്രതി അജിത്ത് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വച്ചാണ് കൊലപാതകം നടന്നത്. ചക്യത്ത്മുക്ക് ക്ലാസിക് മാര്‍ബിള്‍ കടയ്ക്ക് പിന്‍വശം കടപ്പുറത്ത് വച്ച് പ്രതികള്‍ മാരകായുധങ്ങളുമായി സംഘംചേര്‍ന്ന് ലതേഷിനെ വെട്ടിക്കൊന്ന ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നായിരുന്നു കേസ്. ലതേഷിനെ വളഞ്ഞിട്ട് സംഘം ആക്രമിക്കുകയായിരുന്നു. സുമിത്ത് ആണ് ആദ്യം വാള്‍ വീശിയത്. പ്രജീഷ് കൈയിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. തിരയില്‍ കമിഴ്ന്നടിച്ചു വീണ ലതേഷിനെ അജിത്തും സിജേഷും കൈയിലുണ്ടായിരുന്ന വാളും മഴുവും ഉപയോഗിച്ച് കാലിനും ശരീരത്തിലും വെട്ടുകയും കുത്തുകയും ചെയ്തു എന്നാണ് പൊലിസ് കണ്ടെത്തല്‍.

ലതേഷിന്റെ സഹോദരന്‍ മയ്യഴിക്കാരന്റവിട കുഞ്ഞാന്‍ ഹൗസില്‍ കെ. സന്തോഷിന്റെ പരാതിയിലാണ് തലശേരി പൊലിസ് കേസെടുത്തത്. ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലു, സന്തോഷ്, സുരേഷ്, മജീദ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. ബോംബേറില്‍ മോഹന്‍ലാലിന്റെ പരുക്ക് ഗുരതരമായിരുന്നു. കേസില്‍ 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.പ്രോസിക്യുഷന് വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.കെ വര്‍ഗീസ്, കെ. സത്യന്‍ എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335419/in-the-latesh-murder-case-in-thalassery-rss-bjp-activists-received-the-maximum-punishment-life-imprisonment-and-a-fine-of-rs-140-lakh)