---
title: "പരീക്ഷയ്ക്ക് ‘എ ഐ’ ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപണം കുഞ്ഞു മനസിന് താങ്ങാനായില്ല ; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി, പരാതിയുമായി കുടുംബം"
english_title: "Unable to bear the accusation that she had cheated using AI in the exam, committed suicide 10th class student commits suicide, family files complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333407/unable-to-bear-the-accusation-that-she-had-cheated-using-ai-in-the-exam-committed-suicide-10th-class-student-commits-suicide-family-files-complaint"
published_at: "2025-12-27T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fda5418df1_694fc97a21f23_suicide.jpg"
keywords: []
---

# പരീക്ഷയ്ക്ക് ‘എ ഐ’ ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപണം കുഞ്ഞു മനസിന് താങ്ങാനായില്ല ; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി, പരാതിയുമായി കുടുംബം

> **Lead Summary:** എ ഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പരീക്ഷയെഴുതി എന്ന ആരോപണത്തിന് പിന്നാലെ വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

## Article Content

എ ഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് പരീക്ഷയെഴുതി എന്ന ആരോപണത്തിന് പിന്നാലെ വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ വെസ്റ്റില്‍ തിങ്കളാഴ്ചയാണ് സംഭവം. കനിഷ്ക സോളങ്കിയെന്ന വിദ്യാര്‍ഥിനി പരീക്ഷാഹാളിലിരുന്ന് മൊബൈലില്‍ നോക്കി ഉത്തരമെഴുതുന്നത് ഇന്‍വിജിലേറ്ററാണ് കണ്ടെത്തിയത്. തുടര്‍ന്ന് ക്ലാസ് ടീച്ചറെയും പ്രിന്‍സിപ്പളിനെയും വിവരം അറിയിച്ചു. കോപ്പിയടി പിടിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി ശാസിച്ചു. ഇങ്ങനെ ചെയ്താല്‍ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

അതേസമയം, തന്‍റെ മകള്‍ കോപ്പിയടിച്ചിട്ടില്ലെന്നും അബദ്ധത്തിലാണ് പരീക്ഷാഹാളില്‍ മൊബൈലുമായി എത്തിയതെന്നും കനിഷ്കയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്കൂള്‍ മാനേജ്മെന്‍റ് തന്‍റെ മകളെ മാനസികമായി തകര്‍ത്തു. പതിനാറ് വയസുമാത്രം പ്രായമുള്ള കുട്ടിക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ ആഘാതമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.

പ്രിന്‍സിപ്പലിനും രണ്ട് ടീച്ചര്‍മാര്‍ക്കും എതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. വിഷയത്തെക്കുറിച്ച് സംസാരിക്കാൻ സ്കൂൾ അധികൃതർ ബന്ധപ്പെട്ടിരുന്നു. മകളെ നന്നായി വളര്‍ത്തിയില്ലെന്ന് ആരോപിച്ച് തന്നെ കുറ്റപ്പെടുത്തിയതായും പിതാവ് പറഞ്ഞു. അതേസമയം, കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിലാക്കിയിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333407/unable-to-bear-the-accusation-that-she-had-cheated-using-ai-in-the-exam-committed-suicide-10th-class-student-commits-suicide-family-files-complaint)