---
title: "മുസ്ലിംലീഗിൻ്റെ നേതൃത്വവും, അണികളും രണ്ട് വഴിക്ക് ;  കൂത്ത്പറമ്പ് നിയമസഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും"
english_title: "Muslim League leadership and ranks are divided; Congress may take over Koothparamba assembly seat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333233/muslim-league-leadership-and-ranks-are-divided-congress-may-take-over-koothparamba-assembly-seat"
published_at: "2025-12-26T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e7da0644dc_Untitled-4_copy.jpg"
keywords: []
---

# മുസ്ലിംലീഗിൻ്റെ നേതൃത്വവും, അണികളും രണ്ട് വഴിക്ക് ;  കൂത്ത്പറമ്പ് നിയമസഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

> **Lead Summary:** കൂത്ത്പറമ്പ്:മുസ്ലിം ലീഗിൽ മുമ്പെങ്ങുമില്ലാത്ത വിധം പടലപ്പിണക്കങ്ങൾ രൂപപ്പെട്ടതോടെ മുസ്ലിം ലീഗിൻ്റെ കൈയ്യിലുള്ള കൂത്ത്പറമ്പ് നിയമസഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും.

## Article Content

കൂത്ത്പറമ്പ്:മുസ്ലിം ലീഗിൽ മുമ്പെങ്ങുമില്ലാത്ത വിധം പടലപ്പിണക്കങ്ങൾ രൂപപ്പെട്ടതോടെ മുസ്ലിം ലീഗിൻ്റെ കൈയ്യിലുള്ള കൂത്ത്പറമ്പ് നിയമസഭാ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും.

കഴിഞ്ഞ തവണ എൽഡിഎഫിലെ കെ.പി മോഹനൻ ജയിച്ചു കയറിയ മണ്ഡലമാണിത്. അന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പൊട്ടങ്കണ്ടി അബ്‌ദുല്ലയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ തന്നെ ഉണ്ടായ പടലപ്പിണക്കങ്ങൾ കാരണമാണ് യുഡിഎഫ് തോറ്റതെന്ന ആക്ഷേപം അന്ന് തന്നെ ഉയർന്നിരുന്നു. ഇന്നും മുസ്ലിം ലീഗിലെ പടലപ്പിണക്കങ്ങൾ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.

ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ പാനൂർ നഗരസഭയിലെ നാലാം വാർഡിൽ മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥി വിജയിച്ചത് അക്ഷരാർത്ഥത്തിൽ മുസ്ലിം ലീഗിന് തിരിച്ചടിയായിരുന്നു.

ഇതിന് പുറമെയാണ് പാനൂർ നഗരസഭാധ്യക്ഷയായി നൗഷത്ത് കൂടത്തിലിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഒരു സംഘം മുസ്ലിം ലീഗ് പ്രവർത്തകർ പെരിങ്ങത്തൂരിൽ നേതൃത്വത്തിനെത്തിരെ പ്രകടനം നടത്തിയത്.

എ.സിമുറിയിലിരുന്ന് തീരുമാനങ്ങൾ അടിച്ചേല്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പ്രവർത്തകർ പ്രതികരിക്കുമെന്നൊക്കെയുള്ള മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഉയർത്തിയത്. ഇക്കാര്യങ്ങളൊക്കെ പുറത്തുവന്നതോടെയാണ് കൂത്ത്പറമ്പ് നിയമസഭാ മണ്ഡലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333233/muslim-league-leadership-and-ranks-are-divided-congress-may-take-over-koothparamba-assembly-seat)