---
title: "ന്യൂമാഹിയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി  യുവാവും, യുവതിയും പിടിയിൽ ; കാറും കസ്റ്റഡിയിൽ"
english_title: "A young man and a young woman were arrested in New Mahi for possession of the deadly drug methamphetamine and cannabis; the car was also seized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329463/a-young-man-and-a-young-woman-were-arrested-in-new-mahi-for-possession-of-the-deadly-drug-methamphetamine-and-cannabis-the-car-was-also-seized"
published_at: "2025-12-05T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932663b79b5a_Untitled-1_copy.jpg"
keywords: []
---

# ന്യൂമാഹിയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി  യുവാവും, യുവതിയും പിടിയിൽ ; കാറും കസ്റ്റഡിയിൽ

> **Lead Summary:** ന്യൂമാഹി: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി യുവാവും യുവതിയും ന്യൂമാഹി എക്സൈസിന്റെ പിടിയിലായി. ക്രിസ്മസ് - പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘവും, ന്യൂമാഹി ചെക്പോസ്റ്റ് സംഘവും ചേർന്ന് ന്യൂമാഹി ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്.

## Article Content

ന്യൂമാഹി: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി യുവാവും യുവതിയും ന്യൂമാഹി എക്സൈസിന്റെ പിടിയിലായി. ക്രിസ്മസ് - പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘവും, ന്യൂമാഹി ചെക്പോസ്റ്റ് സംഘവും ചേർന്ന് ന്യൂമാഹി ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്.

കാറിൽനിന്ന് നാല് ഗ്രാം മെത്താഫിറ്റമിനും, അഞ്ച് ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. മയക്കുമരുന്നുമായി കാറിലുണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശിയായ പൂത്തൂർവീട്ടിൽ മുഹമ്മദ് റിൻഷാദും (26), കണ്ണൂർ ശിവപുരം സ്വദേശിനിയായ ആമിനാസ് വീട്ടിൽ ഫാത്തിമയുമാണ് (36) പിടിയിലായത്. ഇവർ ഓടിച്ചുവന്ന കാറും കസ്റ്റഡിയിലെടുത്തു.

ജില്ലയ്ക്കകത്തും പുറത്തുമായി മയക്കുമരുന്ന് കടത്തുന്നതിൽ പ്രധാന കണ്ണികളായായിരുന്നു ഇവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ന്യൂമാഹി എക്സൈസ് ചെക്പോസ്റ്റിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ജനാർദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. സിനോജ്, പി. ആദർശ്, തലശ്ശേരി റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി. റോഷി, വി. അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. പ്രസന്ന, കെ. ശില്പ, എക്സൈസ് ഡ്രൈവർ എം. സുരാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329463/a-young-man-and-a-young-woman-were-arrested-in-new-mahi-for-possession-of-the-deadly-drug-methamphetamine-and-cannabis-the-car-was-also-seized)