---
title: "കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് ഒരു  കുടുംബത്തിൽ നിന്ന് സ്ഥാനാർഥികൾ മൂന്ന്..!"
english_title: "Three candidates from one family for Kathiroor Grama Panchayat..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329419/three-candidates-from-one-family-for-kathiroor-grama-panchayat"
published_at: "2025-12-04T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931b55b66566_Untitled-2_copy.jpg"
keywords: []
---

# കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് ഒരു  കുടുംബത്തിൽ നിന്ന് സ്ഥാനാർഥികൾ മൂന്ന്..!

> **Lead Summary:** ഇടത് മുന്നണിയുടെ ഉരുക്ക് കോട്ടയായ കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ കോൺഗ്രസ് സ്ഥാനാർഥികളായി ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ. കതിരൂർ നാലാം മൈൽ നാലേ ഒന്നിലെ വലിയ പുരയിൽ കുടുംബത്തിൽ നിന്ന് വി.പി. പ്രമോദ്, അനുജൻ വി.പി. നിഷാന്ത്, പ്രമോദിൻ്റെ ഭാര്യ ഇ. അനുപമ എന്നിവരാണ് മത്സര രംഗത്തുളളത്.

## Article Content

ഇടത് മുന്നണിയുടെ ഉരുക്ക് കോട്ടയായ കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ കോൺഗ്രസ് സ്ഥാനാർഥികളായി ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ. കതിരൂർ നാലാം മൈൽ നാലേ ഒന്നിലെ വലിയ പുരയിൽ കുടുംബത്തിൽ നിന്ന് വി.പി. പ്രമോദ്, അനുജൻ വി.പി. നിഷാന്ത്, പ്രമോദിൻ്റെ ഭാര്യ ഇ. അനുപമ എന്നിവരാണ് മത്സര രംഗത്തുളളത്.

കതിരൂരിൽ കച്ചവടം നടത്തുന്ന 54 കാരനായ പ്രമോദ് 16-ാം നമ്പർ അമ്പലം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അഞ്ചാം തവണയാണ് ഇദ്ദേഹം അങ്കത്തിനിറങ്ങുന്നത്. പൊന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും ജവഹർ ബാലമഞ്ച് തലശ്ശേരി ബ്ലോക്ക് ചെയർമാനുമാണ്. പ്രമോദിൻ്റെ ഭാര്യ ഇ. അനുപമക്കും അനുജൻ നിഷാന്തിനും ഇത് കന്നി മത്സരമാണ്. അഞ്ചാം വാർഡിലാണ് (വേറ്റുമ്മൽ) അനുപമ മത്സരിക്കുന്നത്.

46 കാരിയായ അനുപമ പൊന്ന്യം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ജവഹർ ബാലമഞ്ച് കതിരൂർ മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. നാലാം മൈൽ (വാർഡ്-19) വാർഡിൽ നിന്നാണ് നിഷാന്ത് ജനവിധി തേടുന്നത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്.

കോൺഗ്രസ് നാലാം മൈൽ 36-ാം നമ്പർ ബൂത്ത് പ്രസിഡൻ്റും ഐ.എൻ.ടി.യു.സി കതിരൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. പാരമ്പര്യമായി കോൺഗ്രസ് കുടുംബമാണ് ഇവരുടേത്. നിഷാന്തിൻ്റെ ഭാര്യ ടി. ദിവ്യയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കതിരൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ മത്സരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329419/three-candidates-from-one-family-for-kathiroor-grama-panchayat)