---
title: "എൽഡിഎഫ് വിമത സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ"
english_title: "Middle-aged man arrested for stabbing and injuring LDF rebel candidate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328479/middle-aged-man-arrested-for-stabbing-and-injuring-ldf-rebel-candidate"
published_at: "2025-11-29T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a883911e1e_b9f31190-13b8-4648-8ad5-c1e9195887e2.jfif"
keywords: []
---

# എൽഡിഎഫ് വിമത സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

> **Lead Summary:** ചേന്ദമംഗലം പഞ്ചായത്ത് ഭരണസമിതിയിലെ എൽഡിഎഫ് അംഗവും ഈ തെരഞ്ഞെടുപ്പിൽ 10–-ാംവാർഡിൽ സ്വതന്ത്ര സ്‌ഥാനാർഥിയുമായ ഫസൽ റഹ്‌മാനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

## Article Content

ചേന്ദമംഗലം പഞ്ചായത്ത് ഭരണസമിതിയിലെ എൽഡിഎഫ് അംഗവും ഈ തെരഞ്ഞെടുപ്പിൽ 10–-ാംവാർഡിൽ സ്വതന്ത്ര സ്‌ഥാനാർഥിയുമായ ഫസൽ റഹ്‌മാനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

ഫസലിനെ കത്തി ഉപയോഗിച്ചു കുത്തിപ്പരിക്കേൽപ്പിച്ച വടക്കേക്കര വലിയപുരയ്ക്കൽ മനോജിനെ (50) വടക്കേക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിൽ പരിക്കേറ്റ ഫസലിന്റെ പുറത്ത് മൂന്ന് തുന്നലിട്ടു. വെള്ളി പകൽ 12.30ന് ചേന്ദമംഗലം പഞ്ചായത്തിലായിരുന്നു സംഭവം.

കോട്ടയിൽ കോവിലകത്തെ ടൂറിസം ഇൻഫർമേഷൻ സെന്ററിന് സമീപമുണ്ടായിരുന്ന തേക്കുമരം ആരോ മുറിച്ച് വിൽപ്പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി വടക്കേക്കര പൊലീസിലും വനംവകുപ്പിലും പരാതി നൽകിയിരുന്നു. ഈ മരം, ഫസൽ റഹ്മാന്‍ വെട്ടി വിറ്റതാണെന്ന് ആരോപിച്ച് മനോജ് കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്ച പഞ്ചായത്തിലെത്തിയ മനോജ്, സെക്രട്ടറിയുമായി സംസാരിച്ചു നിൽക്കുമ്പോൾ ഫസൽ റഹ്‌മാൻ ഇവിടെയെത്തി.

ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. തുടർന്ന്, മനോകൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫസലിനെ മുറിവേൽപ്പിച്ചെന്നാണ് കേസ്. കോട്ടയിൽ കോവിലകത്ത് ഒരു ചെറുകിട വ്യവസായ സംരംഭം തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരിക്കേറ്റ ഫസൽ മൂത്തകുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലും മനോജ് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഫസൽ 10–-ാംവാർഡിൽ ഇടതുപക്ഷ റിബൽ സ്‌ഥാനാർഥിയായാണ് ഇത്തവണ മത്സരിക്കുന്നത്. ഇതേത്തുടർന്ന് ഫസലിനെ കഴിഞ്ഞദിവസം പാർടി പുറത്താക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328479/middle-aged-man-arrested-for-stabbing-and-injuring-ldf-rebel-candidate)