---
title: "ഡിറ്റ് വാ ചുഴലിക്കാറ്റ്‌ ; കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം"
english_title: "Cyclone Dit Vaa; Possibility of sea erosion and rough seas off the Kerala coast, fishermen on alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/328406/cyclone-dit-vaa-possibility-of-sea-erosion-and-rough-seas-off-the-kerala-coast-fishermen-on-alert"
published_at: "2025-11-28T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929a0b6c3fc4_Untitled-1_copy.jpg"
keywords: []
---

# ഡിറ്റ് വാ ചുഴലിക്കാറ്റ്‌ ; കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

> **Lead Summary:** കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നുണ്ട് . ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

## Article Content

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നുണ്ട് . ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പുതിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെയും, ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/328406/cyclone-dit-vaa-possibility-of-sea-erosion-and-rough-seas-off-the-kerala-coast-fishermen-on-alert)