---
title: "ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ട. അധ്യാപകന്റെ ഒന്നരക്കോടി  തട്ടി ; അഭിഭാഷകനുൾപ്പടെ  കേസ് "
english_title: "Chokli Ramavilasam Higher Secondary School Retired teacher cheated of Rs. 1.5 crore; Lawyer included in case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325954/chokli-ramavilasam-higher-secondary-school-retired-teacher-cheated-of-rs-15-crore-lawyer-included-in-case"
published_at: "2025-11-14T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691740ba52681_tgtgtgt.jpg"
keywords: []
---

# ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ട. അധ്യാപകന്റെ ഒന്നരക്കോടി  തട്ടി ; അഭിഭാഷകനുൾപ്പടെ  കേസ് 

> **Lead Summary:** ചൊക്ലി:ചെറുപുഴക്ക് സമീപം കോട്ടമല എസ്റ്റേറ്റ് വാങ്ങാന്‍ 70 കോടി രൂപ ലോണ്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് എരഞ്ഞോളിയിലെ റിട്ട.അധ്യാപകനില്‍ നിന്നും ഒന്നര കോടിയോളം രൂപ തട്ടിയെടുത്തവര്‍ക്കെതിരേ തലശേരി പൊലിസ് കേസെടുത്തു.

## Article Content

ചൊക്ലി:ചെറുപുഴക്ക് സമീപം കോട്ടമല എസ്റ്റേറ്റ് വാങ്ങാന്‍ 70 കോടി രൂപ ലോണ്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് എരഞ്ഞോളിയിലെ റിട്ട.അധ്യാപകനില്‍ നിന്നും ഒന്നര കോടിയോളം രൂപ തട്ടിയെടുത്തവര്‍ക്കെതിരേ തലശേരി പൊലിസ് കേസെടുത്തു.

കണ്ണൂരിലെ അഭിഭാഷകന്‍, തിരുവനന്തപുരത്ത സഹായി, ചെന്നൈയിലെ ധനകാര്യ സ്ഥാപന ഉടമ, മാനേജര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ചൊക്ലി രാമവിലാസം സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകന്‍ എരഞ്ഞോളി ചുങ്കത്തെ മുരിക്കോളി വീട്ടില്‍ കെ.കെ പ്രദീപ് കുമാര്‍ (59) ആണ് പരാതിക്കാരന്‍.

കണ്ണൂര്‍ സിറ്റിയിലെ ഒരു അഭിഭാഷകനാണ് ഒന്നാം പ്രതി. തിരുവനന്തപുരത്തെ സാജിദ്, ഗ്രേയിറ്റര്‍ ചെന്നൈയിലെ വെട്രി വേല്‍ ഫിനാന്‍സ് മാനേജര്‍ തോമസ് ഡേവിഡ്, എം.ഡി വൈരമുത്തു, ജീവനക്കാരായ രാജു, രാമാനന്ദന്‍ എന്നിവരാണ് രണ്ടു മുതല്‍ ആറു വരെയുള്ള പ്രതികള്‍. പ്രദീപനില്‍ നിന്നും പ്രോസസിങ് ചാര്‍ജായി വിവിധ തവണ 1, 42,30,000 രൂപയാണ് സംഘം തട്ടിയത്.

കഴിഞ്ഞ മെയ് 15 മുതല്‍ ജൂണ്‍ 23 വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെയും സുഹൃത്തുക്കളുടെയും വിവിധ അക്കൗണ്ടുകളിലൂടെയാണ് തുക നല്‍കിയത്. പറഞ്ഞ സമയത്ത് വായ്പ നല്‍കാതെയും മുന്‍കൂര്‍ നല്‍കിയ പണം തിരിച്ചു നല്‍കാതെയും വിശ്വാസ വഞ്ചന കാണിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325954/chokli-ramavilasam-higher-secondary-school-retired-teacher-cheated-of-rs-15-crore-lawyer-included-in-case)