---
title: "അക്രമത്തിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതി സ്വീകരിക്കാതെ കൊളവല്ലൂർ പോലീസ് ;  സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവാവും കുടുംബവും"
english_title: "Kolavallur police did not accept the complaint filed seeking protection from violence; Youth and family demand action against CI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325924/kolavallur-police-did-not-accept-the-complaint-filed-seeking-protection-from-violence-youth-and-family-demand-action-against-ci"
published_at: "2025-11-14T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916ffc6cb04e_Untitled-4_copy.jpg"
keywords: []
---

# അക്രമത്തിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതി സ്വീകരിക്കാതെ കൊളവല്ലൂർ പോലീസ് ;  സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവാവും കുടുംബവും

> **Lead Summary:** പാനൂർ : തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മേപ്പാടിലെ ചാക്കേരി കുന്നത്ത് മനോജിനെയും കുടുംബത്തെയും അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മനോജും ഭാര്യ ശ്രീജയും പാനൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

പാനൂർ : തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മേപ്പാടിലെ ചാക്കേരി കുന്നത്ത് മനോജിനെയും കുടുംബത്തെയും അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മനോജും ഭാര്യ ശ്രീജയും പാനൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുമ്പോഴാണ് പോലീസ് സി ഐയും സംഘവും ഭീഷണിപ്പെടുത്തിയത്.തന്റെ പരാതി സ്വീകരിക്കുകയോ രശീതി നൽകുകയോ ചെയ്യുന്നില്ല.പരാതി സ്വീകരിച്ച് എഫ്ഐആർ ഇടുന്നില്ല.പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയില്ല.പോലീസ് നീതി പാലിച്ച തന്റെ പരാതി സ്വീകരിച്ച് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണം എന്നാണ് മനോജും കുടുംബവും ആവശ്യപ്പെട്ടത്.

തയ്യുള്ളതിൽ അനീഷ് ,ചിത്ര, സരിക എന്നിവർ നേരത്തെ തനിക്കെതിരെ പരാതി നൽകിയിരുന്നു.നവംബർ അഞ്ചാം തീയതി ചിത്രയും സംഘവും തൻറെ വീട് ആക്രമിക്കുകയും ഭാര്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.തൻറെ വീടിൻറെ ജനലുകളും വാതിലുകളും നശിപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.

ഇത് സംബന്ധിച്ച് കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് പോലീസ് സ്വീകരിക്കാതിരുന്നത്. തയ്യുള്ളതിൽ ചിത്രയും സംഘവും തൻറെ വീട്ടിൽ സ്ഥിരമായി അതിക്രമിച്ചു കടക്കുകയും ഭീഷണിപ്പെടുത്തി വരികയും ചെയ്തുവരുന്നു.

മനോജ് സിപിഎം പ്രവർത്തകനായിരുന്നു.വാർഡ് മെമ്പർ ശങ്കരനോട് നിരവധി തവണ പരാതി പറഞ്ഞിട്ടും പാർട്ടി സഹായിച്ചില്ലെന്ന് മനോജ് കുറ്റപ്പെടുത്തി.പാർട്ടി ഇടപെട്ട് തന്റെ പ്രശ്നം പരിഹരിക്കുന്നില്ല എന്ന് മനോജ് പറഞ്ഞു.2020ൽ ചിത്ര തന്നെ ബലാൽസംഗം ചെയ്തതായി മനോജിനെതിരെ പരാതി നൽകിയിരുന്നു.

അക്രമത്തിൽ നിന്നും തൻറെ കുടുംബത്തെ രക്ഷിക്കണം.തനിക്കും കുടുംബത്തിനും സമാധാനപരമായി വീട്ടിൽ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി തരണം.ഭീഷണി കാരണം തൻ്റെ മകൻ്റെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്.

കൊളവല്ലൂർ സിഐക്കെതിരെ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും തനിക്കും കുടുംബത്തിനും സ്വൈരമായി വീട്ടിൽ ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി തരണമെന്ന് ആവശ്യപ്പെട്ട് മനോജ്, ഭാര്യ ശ്രീജ, മാതാവ് കല്ലു എന്നിവർ വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി , മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.

വാർത്താ സമ്മേളനത്തിൽ സി.കെ.മനോജ്, ശ്രീജ , പ്രകാശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325924/kolavallur-police-did-not-accept-the-complaint-filed-seeking-protection-from-violence-youth-and-family-demand-action-against-ci)