---
title: "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്ഘാടന മഹാമഹങ്ങളെ  വിമർശിച്ച് മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ചമ്പാട്ടെ  സിപിഎം നേതാവ് ; വിനിയോഗിക്കുന്ന ഫണ്ടുകളുടെ ഉപയോഗം ജനത്തിന് ലഭിക്കണമെന്നും കുറിപ്പ്"
english_title: "Champate CPM leader, who is also a former panchayat president, criticized the inauguration ceremonies of local self-government institution"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/325030/champate-cpm-leader-who-is-also-a-former-panchayat-president-criticized-the-inauguration-ceremonies-of-local-self-government-institution"
published_at: "2025-11-08T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f45a2246f8_Untitled-1_copy.jpg"
keywords: []
---

# തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്ഘാടന മഹാമഹങ്ങളെ  വിമർശിച്ച് മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ചമ്പാട്ടെ  സിപിഎം നേതാവ് ; വിനിയോഗിക്കുന്ന ഫണ്ടുകളുടെ ഉപയോഗം ജനത്തിന് ലഭിക്കണമെന്നും കുറിപ്പ്

> **Lead Summary:** തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഉദ്ഘാടന മഹാമഹങ്ങളെ വിമർശിച്ച് മുൻ പഞ്ചായത്ത് പ്രസിഡണ്ടും, സിപിഎം നേതാവും കൂടിയായ ടി.ഹരിദാസ്. പലതും പൂർത്തിയാക്കപ്പെടാതെയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും, ഇത്തരം പദ്ധതികളുടെ ഉപയോഗം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും പന്ന്യന്നൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, സി പി എം മീത്തലെ ചമ്പാട് ബ്രാഞ്ചംഗവുമായ ടി.ഹരിദാസ് കുറിച്ചു.. നിരവധി പേരാണ് ഇതിനകം കുറിപ്പ് പങ്കുവച്ചതും, കമൻ്റുകൾ രേഖപ്പെടുത്തുന്നതും.

## Article Content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഉദ്ഘാടന മഹാമഹങ്ങളെ വിമർശിച്ച് മുൻ പഞ്ചായത്ത് പ്രസിഡണ്ടും, സിപിഎം നേതാവും കൂടിയായ ടി.ഹരിദാസ്. പലതും പൂർത്തിയാക്കപ്പെടാതെയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും, ഇത്തരം പദ്ധതികളുടെ ഉപയോഗം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും പന്ന്യന്നൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, സി പി എം മീത്തലെ ചമ്പാട് ബ്രാഞ്ചംഗവുമായ ടി.ഹരിദാസ് കുറിച്ചു.. നിരവധി പേരാണ് ഇതിനകം കുറിപ്പ് പങ്കുവച്ചതും, കമൻ്റുകൾ രേഖപ്പെടുത്തുന്നതും.

കുറിപ്പിൻ്റെ പൂർണ രൂപം

പെരുമാറ്റ ചട്ടം വരുന്നതിനു മുൻപായി ഉദ്ഘാടന തിരക്കാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ. അത് ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ നടക്കുകയാണ്. തങ്ങൾ ഉണ്ടാക്കിയ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള തിരക്കാണ് രാഷ്ട്രീയപാർട്ടികൾക്ക്. പണി പൂർത്തിയാകാത്തവയും ഉത്ഘാടനം ചെയ്യപ്പെടുന്നുണ്ട്. ബാക്കി പണികൾ പിന്നീട് ചെയ്തു തീർത്തു പ്രവർത്തനം ആരംഭിക്കാമെന്നാണ് സങ്കൽപം. നിയമപ്രകാരം ഒരു വർക്ക് കരാർ കൊടുത്താൽ നിശ്ചിത കാലാവധിക്കു മുൻപ് കരാറുകാരൻ പണി,ടെൻഡർ എടുത്തപ്രകാരം പൂർത്തിയാക്കി, സൈറ്റ് ക്ലീൻ ആക്കി എഞ്ചിനീയർ വർക്ക് പൂർത്തിയാക്കിയ വിവരം സാക്ഷ്യപെടുത്തിതദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് വേണ്ടത്. പ്രവർത്തി തൃപ്തികരമല്ലെങ്കിൽ ഇടപെട്ടു ആയവ പരിഹരിക്കേണ്ടതും ഈ ഘട്ടത്തിലാണ്. എന്നാൽ ഇപ്പോൾ ധൃതിയിൽ നടക്കുന്ന ഉത്ഘാടനങ്ങളിൽ എല്ലാം ഇവയൊന്നും നടക്കുന്നില്ല. ഉത്ഘാടനത്തിന് മുൻപേ വേണ്ട പരിശോധനക്ക് സമയം ഇല്ല. ഉത്ഘാടനം നടത്തിയ പ്രൊജക്റ്റുകളുടെ അപാകതകൾ കരാറുകാരന്റെ ബാധ്യതയിൽ അല്ല എന്ന് അയാൾക്ക് വാദിക്കാം. അപാകതകൾ ഉള്ള പ്രൊജക്റ്റ് ഉത്ഘാടനം ചെയ്യാൻ പാടില്ലല്ലോ. തൃപ്തികരമായിപൂർത്തീകരിച്ചവ ആണല്ലോ ഉത്ഘാടനം ചെയ്യപ്പെടുക.

നാട്ടുകാരുടെ നികുതി പണം, സർക്കാർ പദ്ധതി ആയി വരുന്നവയാണല്ലോ വികസന പ്രൊജക്ടു‌കൾ.ഇവ സോഷ്യൽ ഓഡിറ്റ് കൂടി നടത്തിയാണ് ജനങ്ങൾക്ക് നൽകേണ്ടത്. കോവിഡ് കാലം ഓൺലൈൻ ഉത്ഘാടനം നടത്തിയ ചില പ്രൊജക്‌ടുകൾ ഉദ്ദേശിച്ച ഫലം ലഭിക്കാതെ കേസും ബ്ലാക്ക് ലിസ്റ്റ് ചെയ്യലും ഒക്കെ ആയ അനുഭവങ്ങൾ മുൻപിലുണ്ട്. വേണ്ടപ്പെട്ടവർ ജാഗ്രത കാണിക്കേണ്ട ഒരു തലം ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ. വിനിയോഗിക്കുന്ന ഫണ്ടിന്റെ ഉപയോഗം ജനങ്ങൾക്കു കിട്ടേണ്ടതുണ്ടെന്നും ടി.ഹരിദാസ് ഫേസ് ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/325030/champate-cpm-leader-who-is-also-a-former-panchayat-president-criticized-the-inauguration-ceremonies-of-local-self-government-institution)