---
title: "മാക്കുനി പ്രദേശത്തുകാർക്ക് നൽകിയ വാക്ക് പാലിച്ച് രമേശ് പറമ്പത്ത് എം എൽ എ ; മഴക്കാലത്ത് വെള്ളം കയറുന്നത് തടയാൻ വേലഞ്ചിറയിൽ കരിങ്കൽ ഭിത്തി ഉയർത്തൽ പ്രവൃത്തിക്ക് തുടക്കം "
english_title: "Keeping his promise to the people of Makkuni, MLA Ramesh Parambath begins work on raising a granite wall in Velanchira to prevent water from entering during the monsoon season."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324496/keeping-his-promise-to-the-people-of-makkuni-mla-ramesh-parambath-begins-work-on-raising-a-granite-wall-in-velanchira-to-prevent-water-from-entering-during-the-monsoon-season"
published_at: "2025-11-05T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b576f0df07_Untitled-1_copy.jpg"
keywords: []
---

# മാക്കുനി പ്രദേശത്തുകാർക്ക് നൽകിയ വാക്ക് പാലിച്ച് രമേശ് പറമ്പത്ത് എം എൽ എ ; മഴക്കാലത്ത് വെള്ളം കയറുന്നത് തടയാൻ വേലഞ്ചിറയിൽ കരിങ്കൽ ഭിത്തി ഉയർത്തൽ പ്രവൃത്തിക്ക് തുടക്കം 

> **Lead Summary:** മാക്കുനി വേലഞ്ചിറ പ്രദേശത്ത് മഴക്കാലത്ത് വെള്ളം കയറുന്നത് തടയാൻ സംരക്ഷണ മതിൽ ഉയർത്താനുള്ള പ്രവൃത്തിക്ക് തുടക്കമായി. 3 അടിയോളമാണ് മതിൽ ഉയർത്തുന്നത്.

## Article Content

മാക്കുനി വേലഞ്ചിറ പ്രദേശത്ത് മഴക്കാലത്ത് വെള്ളം കയറുന്നത് തടയാൻ സംരക്ഷണ മതിൽ ഉയർത്താനുള്ള പ്രവൃത്തിക്ക് തുടക്കമായി. 3 അടിയോളമാണ് മതിൽ ഉയർത്തുന്നത്.

പുതുച്ചേരിയെയും, കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വേലഞ്ചിറ പുഴയോരം. കനത്ത മഴയിൽ പുഴ കവിഞ്ഞൊഴുകി എന്നും വെള്ളം കയറുന്ന പ്രദേശമാണ് ഇവിടം. പുഴ കവിഞ്ഞ് വരുന്ന മലവെള്ളം വീടുകളിലേക്ക് ഇരച്ചെത്തുന്നതും നാശനഷ്ടങ്ങളുണ്ടാകുന്നതും എല്ലാ വർഷവും പതിവായിരുന്നു.

എന്നാൽ മാസങ്ങൾക്ക് മുമ്പ് പന്ന്യന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേലഞ്ചിറയുടെ ഒരു ഭാഗത്ത് കൂറ്റൻ തടയണ നിർമ്മിച്ച് കയർ ഭൂവസ്ത്രമണിയിച്ചിരുന്നു. ഇതിനു ശേഷം ഈ കാലവർഷത്തിൽ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായിരുന്നില്ല. മാഹിയുമായി അതിർത്തി പങ്കിടുന്ന

വേലഞ്ചിറയിൽ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തി കെട്ടാൻ യുഡിഎഫ് സംഘം രമേശ് പറമ്പത്ത് എം എൽ എ യെ കണ്ട് നിവേദനം നൽകി. കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട എം എൽ എ പുതുച്ചേരി പിഡബ്ല്യു ഡി അസി എഞ്ചിനീയർ തുളസിങ്കത്തിനൊപ്പം പ്രദേശം സന്ദർശിച്ചു.

മാഹിയുടെ ഭാഗമായ കരിങ്കൽ ഭിത്തി നേരിട്ട് കണ്ട എംഎൽഎ കരിങ്കൽ ഭിത്തിയുടെ മുകളിൽ മൂന്നടിയോളം ഉയരത്തിൽ ഭിത്തി കെട്ടി വെള്ളം കയറാതെ സംരക്ഷിക്കാം എന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. സർക്കാർ നടപടികൾ വേഗത്തിലായതോടെ മതിൽ സംരക്ഷിച്ച് ഉയർത്തുന്ന നടപടികൾക്ക് ബുധനാഴ്ച തുടക്കമായി.

പുതുച്ചേരിയുടെ ഭാഗത്ത് കരിങ്കൽ ഭിത്തി ഉയരുക കൂടി ചെയ്യുന്നതോടെ വെള്ളം കയറുന്ന പ്രശ്നം പൂർണമായും ഇല്ലാതാകുമെന്ന് യുഡിഎഫ് നേതാക്കളായ കെ.ശശിധരനും, റഫീഖ് പാറയിലും പറഞ്ഞു. പുഴയിൽ വെള്ളം കയറുമ്പോൾ പലരും വീട് വിട്ട് മാറി താമസിക്കുകയായിരുന്നു പതിവ്. മാക്കുനിയിൽ ഗതാഗതവും നിലക്കും. പ്രദേശത്തിൻ്റെ പതിറ്റാണ്ടുകൾ പിന്നിട്ട ദുരവസ്ഥയാണ് മാറുന്നതെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ കൺവീനർ കെ.കെ.വത്സൻനും, മുൻ കൗൺസിലർ കെ.മോഹനനും പറഞ്ഞു. കെ.ടി സരീഷ് കുമാർ, ലത്തീഫ് സഫ, ജാഫർ ചമ്പാട്, കട്ടിയാൽ അബ്ദുറഹിമാൻ, പി വി സുലൈമാൻ, കെ ടി രാജീവൻ, കോട്ടയിൽ അഹമ്മദ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324496/keeping-his-promise-to-the-people-of-makkuni-mla-ramesh-parambath-begins-work-on-raising-a-granite-wall-in-velanchira-to-prevent-water-from-entering-during-the-monsoon-season)