---
title: "അത്രമേൽ ഹൃദ്യം, മനോഹരം ; ചൊക്ലി ഉപജില്ലാ കലോത്സവത്തിൽ  ആസ്വാദക മനം കവർന്ന  സ്വാഗത ഗാന പ്രദർശനവുമായി ഭിന്നശേഷി വിദ്യാർത്ഥികൾ"
english_title: "So heartwarming and beautiful; differently-abled students present a captivating welcome song performance at the Chokli Upazila Arts Festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324226/so-heartwarming-and-beautiful-differently-abled-students-present-a-captivating-welcome-song-performance-at-the-chokli-upazila-arts-festival"
published_at: "2025-11-04T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909866648763_Untitled-1_copy.jpg"
keywords: []
---

# അത്രമേൽ ഹൃദ്യം, മനോഹരം ; ചൊക്ലി ഉപജില്ലാ കലോത്സവത്തിൽ  ആസ്വാദക മനം കവർന്ന  സ്വാഗത ഗാന പ്രദർശനവുമായി ഭിന്നശേഷി വിദ്യാർത്ഥികൾ

> **Lead Summary:** ചൊക്ലി:ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചൊക്ലി ഉപജില്ലാ കലോത്സവത്തിൽ കൈയ്യടി നേടി ഭിന്നശേഷി കുട്ടികളും. ഹൃദയഹാരിയായ സ്വാഗതഗാനത്തിന് മനോഹരമായ നൃത്താവിഷ്കാരമൊരുക്കിയാണ് ഭിന്നശേഷി വിദ്യാർത്ഥികൾ ആസ്വാദക മനം കവർന്നത്.

## Article Content

ചൊക്ലി:ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചൊക്ലി ഉപജില്ലാ കലോത്സവത്തിൽ കൈയ്യടി നേടി ഭിന്നശേഷി കുട്ടികളും. ഹൃദയഹാരിയായ സ്വാഗതഗാനത്തിന് മനോഹരമായ നൃത്താവിഷ്കാരമൊരുക്കിയാണ് ഭിന്നശേഷി വിദ്യാർത്ഥികൾ ആസ്വാദക മനം കവർന്നത്.

ചൊക്ലി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ ഒൻപതോളം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളാണ് ഉപജില്ലാ കലോത്സവത്തിൻ്റെ സ്വാഗത ഗാനത്തിനായി രംഗത്തുവന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സമഗ്രശിക്ഷ കേരളം ചൊക്ലി ബി.ആർ.സി യുടെ നേതൃത്വത്തിൽ ഉപജില്ലയിലെ സ്പെഷൽ എഡ്യുക്കേറ്റർമാരായ അധ്യാപകരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്..

രാമവിലാസം ഹയർസെക്കൻ്ററിയിലെ വിദ്യാർത്ഥികൾ ആലാപനം നടത്തി. അധ്യാപകനായ സുനേഷ് മലയിലിൻ്റെ വരികൾക്ക് അധ്യാപിക സി.അസിത സംഗീതവും, പൂർവ്വ വിദ്യാർത്ഥി പി. അനൂജ് ഓർക്കസ്ട്രയും നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ മനോഹരമായ നൃത്താവിഷ്കാരം കൂടിയായപ്പോൾ ഉദ്ഘാടന സമ്മേളനത്തിന് പതിവിലും മാറ്റുകൂടി.

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും മാറിനിൽക്കേണ്ടിവരികയോ മാറ്റി നിർത്തപ്പെടുന്നവരോ ആണ് ഭിന്നശേഷി വിദ്യാർത്ഥികൾ. അവരെ ചേർത്ത് പിടിക്കേണ്ടതും നമ്മെപ്പോലെ അവർക്കും നാളെ മികച്ച ജീവിത സാഹചര്യം ഒരുക്കി നൽകേണ്ടത് നമ്മളുടേതും കൂടിയായ ഉത്തരവാദിത്വത്തിൻ്റെ ഭാഗമാണ് എന്ന കൃത്യമായ സന്ദേശം കുട്ടികൾക്കും പൊതു സമൂഹത്തിനും കൈമാറുക എന്നതാണ് ഇത്തരം ഉദ്ഘാടന ചടങ്ങിലൂടെ തങ്ങൾ ഉദ്ദേശിച്ചത് എന്ന് റിസപ്ഷൻ കമ്മറ്റി കൺവീനറായ പി. സജിത ടീച്ചർ പറഞ്ഞു.

നവമ്പർ 4 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ഒരു പ്രദർശന ഇനം എന്ന നിലയിൽ ഭിന്നശേഷി വിദ്യാർഥികൾ അവതരിപ്പിക്കുന്ന മാർഗംകളികൂടി തയ്യാറായിട്ടുണ്ടെന്ന് ചൊക്ലി ബി.ആർ . സിയിലെ സ്പെഷൽ എഡ്യൂക്കേറ്റർമാർ പറഞ്ഞു.

പങ്കെടുത്ത ഭിന്നശേഷി കുട്ടികൾക്ക് പ്രശസ്ത സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉപഹാരങ്ങൾ കൈമാറി.

.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324226/so-heartwarming-and-beautiful-differently-abled-students-present-a-captivating-welcome-song-performance-at-the-chokli-upazila-arts-festival)