---
title: "കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ; ആരോഗ്യരംഗം വികസന പാതയിലെന്ന് മുഖ്യമന്ത്രി"
english_title: "Chief Minister Pinarayi Vijayan dedicated the multi-specialty building at Koothuparamba Taluk Hospital to the nation; The Chief Minister said that the health sector is on the path of development."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324137/chief-minister-pinarayi-vijayan-dedicated-the-multi-specialty-building-at-koothuparamba-taluk-hospital-to-the-nation-the-chief-minister-said-that-the-health-sector-is-on-the-path-of-development"
published_at: "2025-11-03T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69088aa53e154_Untitled-3_copy.jpg"
keywords: []
---

# കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ; ആരോഗ്യരംഗം വികസന പാതയിലെന്ന് മുഖ്യമന്ത്രി

> **Lead Summary:** സംസ്ഥാനത്തെ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം വന്നെന്നും പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം, ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

സംസ്ഥാനത്തെ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം വന്നെന്നും പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദപരവും ആധുനികവുമാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം, ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള മറ്റൊരു വലിയ ചുവടുവെപ്പാണ് ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ തുടക്കമായ ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകളിൽ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയ ഗള അർബുദം. ഇത് പ്രതിരോധത്തിനായാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേവലമായ ഒരു കെട്ടിടമല്ല എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയ സംവിധാനമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞു. 1957 ൽ ഇഎംഎസ് സർക്കാരിന്റെ കാലത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായ കൂത്തുപറമ്പ് ആശുപത്രി 2009ൽ താലൂക്ക് ആശുപത്രിയായി ഉയർന്നു. നിലവിൽ വിവിധ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി 59.23 കോടി രൂപ ചെലവിൽ 12 നിലകളിലായി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കി. 171 കിടക്കകൾ, ഒൻപത് കിടക്കകളുള്ള മെഡിക്കൽ ഐസിയു, നാല് ഓപറേഷൻ തിയറ്ററുകൾ, നാല് ലേബർ സ്യൂട്ടുകളുള്ള ലേബർ റൂം,12 ഒ.പി കൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ മെഡിക്കൽ സ്പെഷ്യലിറ്റി വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324137/chief-minister-pinarayi-vijayan-dedicated-the-multi-specialty-building-at-koothuparamba-taluk-hospital-to-the-nation-the-chief-minister-said-that-the-health-sector-is-on-the-path-of-development)