---
title: "തെളിവായത് ഗോതമ്പ് ചാക്ക് ; പേരാമ്പ്രയിൽ യുവതിയെ ഇടിച്ചു നിർത്താതെ പോയ സ്കൂട്ടർ പൊലീസ്  കണ്ടെത്തി."
english_title: "Wheat sack as evidence; Police find scooter that hit and ran over woman in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323777/wheat-sack-as-evidence-police-find-scooter-that-hit-and-ran-over-woman-in-perambra"
published_at: "2025-11-01T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905cfef7f0cd_police.1697912334.jpg"
keywords: []
---

# തെളിവായത് ഗോതമ്പ് ചാക്ക് ; പേരാമ്പ്രയിൽ യുവതിയെ ഇടിച്ചു നിർത്താതെ പോയ സ്കൂട്ടർ പൊലീസ്  കണ്ടെത്തി.

> **Lead Summary:** പേരാമ്പ്രയിൽ യുവതിയെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചതിൽ പ്രധാന തെളിവായത് ഗോതമ്പ് ചാക്ക്. പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഈ മാസം ഒമ്പതാം തീയതി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ പൈതോത്ത് റോഡിൽ മൊയോത്ത് ചാലിൽ വച്ച് ഇരുചക്ര വാഹനം ഇടിക്കുന്നത്. ഇടിച്ച ഇരുചക്രവാഹനം നിർത്താതെ പോയി. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

## Article Content

പേരാമ്പ്രയിൽ യുവതിയെ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താൻ സാധിച്ചതിൽ പ്രധാന തെളിവായത് ഗോതമ്പ് ചാക്ക്. പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഈ മാസം ഒമ്പതാം തീയതി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ പൈതോത്ത് റോഡിൽ മൊയോത്ത് ചാലിൽ വച്ച് ഇരുചക്ര വാഹനം ഇടിക്കുന്നത്. ഇടിച്ച ഇരുചക്രവാഹനം നിർത്താതെ പോയി. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അപകടം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. തുടർന്ന് പോലീസ് ഇൻസ്പെക്ടർ ജംഷീദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും അപകടം നടത്തിയത് ഒരു വെള്ള സ്കൂട്ടർ ആണെന്നും അതിൽ ഒരു ചാക്ക് ഗോതമ്പ് ഉണ്ടായിരുന്നെന്നും പോലീസ് മനസ്സിലാക്കി. തുടർന്ന് പേരാമ്പ്ര മേഖലയിലെ റേഷൻകടകളിൽ നിന്നും 9ന് ഗോതമ്പ് വാങ്ങിയവരുടെ വിവരം ശേഖരിക്കുകയും പ്രദേശത്തെ സിസി ടിവികൾ പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിൽ ഒരാൾ വെള്ള സ്കൂട്ടറിന്റെ മുന്നിൽ ചാക്ക് വെച്ച് വരുന്നതായും കണ്ടു. അന്നേ ദിവസം ഇയാൾ പൈതോത്ത് റോഡിലെ റേഷൻ കടയിൽ നിന്നും ഗോതമ്പ് വാങ്ങിയതായി പോലീസിന് വ്യക്തമായി. റേഷൻ കടയിൽ പോയി അന്വേഷിച്ചെങ്കിലും അന്നേദിവസം അവിടെ നിന്നും ഗോതമ്പ് ആരും വാങ്ങിയിട്ടില്ല എന്ന ഉടമയുടെ മറുപടി പോലീസിനെ വട്ടം കറക്കി. എന്നാൽ കൊയിലാണ്ടി സപ്ലൈ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അവിടെ നിന്നും തന്നെയാണ് ഗോതമ്പ് വാങ്ങിയതെന്നും റേഷൻ കടയുടമ പറഞ്ഞത് കള്ളമാണെന്നും പോലീസ് കണ്ടെത്തി. തുടർന്ന് ഇടിച്ച വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തപ്പോൾ നിഷേധിക്കുകയും പിന്നീട് പോലീസിന്റെ നിരന്തര ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ അഡീ.എസ്.ഐ രാജേഷ് മേക്കാട്, ബോബി, സി.പി.ഒ വിശാഖ്, ഡിവൈഎസ്പിസ്‌ക്വാഡ് അംഗം സിഞ്ചുദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323777/wheat-sack-as-evidence-police-find-scooter-that-hit-and-ran-over-woman-in-perambra)