---
title: "കൂത്ത്പറമ്പ് ഗവ.താലൂക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തിങ്കളാഴ്ച  മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; പാനൂർ ഗവ.ആശുപത്രിക്ക്   അവഗണനയും, ഇല്ലായ്മയും മാത്രം"
english_title: "Koothparamba Govt. Taluk Super Specialty Hospital to be dedicated by Chief Minister on Monday; Panur Govt. Hospital faces only neglect and deprivation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/323489/koothparamba-govt-taluk-super-specialty-hospital-to-be-dedicated-by-chief-minister-on-monday-panur-govt-hospital-faces-only-neglect-and-deprivation"
published_at: "2025-10-30T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69038c0f5efdb_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് ഗവ.താലൂക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തിങ്കളാഴ്ച  മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ; പാനൂർ ഗവ.ആശുപത്രിക്ക്   അവഗണനയും, ഇല്ലായ്മയും മാത്രം

> **Lead Summary:** പാനൂർ :കുത്തുപറമ്പ് ഗവ:താലൂക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം നവംബർ 3ന് കാലത്ത് 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേരളത്തിലെ ജനകീയാരോഗ്യ മേഖലയുടെ മാറ്റത്തിന്റെ പ്രതീകമാണ് കൂത്തുപറമ്പ് താലൂക്ക് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി.

## Article Content

പാനൂർ :കുത്തുപറമ്പ് ഗവ:താലൂക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം നവംബർ 3ന് കാലത്ത് 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേരളത്തിലെ ജനകീയാരോഗ്യ മേഖലയുടെ മാറ്റത്തിന്റെ പ്രതീകമാണ് കൂത്തുപറമ്പ് താലൂക്ക് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി.

രണ്ട് ബേസ്മെന്റ് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ പന്ത്രണ്ട് നിലകളോട് കൂടിയ കെട്ടിടത്തിൽ ലിഫ്റ്റ് ഉൾപ്പെടെ രോഗികൾക്ക് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി യായിരുന്ന കെകെ ശൈലജ യുടെ ഇടപെടലിനെ തുടർന്നാണ് പരിമിതികളാൽ വീർപ്പുമുട്ടുന്ന കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം ഒരുക്കാനായത്.

2020ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പിന്നീട് നിർമ്മാണ പ്രവർത്തികൾ അതിവേഗത്തിലായി. കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. 59.23 കോടി ചിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിയാണ് നിർമ്മാണം പൂർത്തി യാക്കിയത്. 52.30 കോടി രൂപ

നബാർഡ് വായ്‌പയും ബാക്കി സംസ്ഥാന സർക്കാരിൻ്റെ വിഹിതവുമാണ്. പന്ത്രണ്ട് നില കളിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. അത്യാഹിത വിഭാഗം, ഒ പി വിഭാഗം, ലാബ്, എമർജൻസി ഓപ്പറേഷൻ തിയേറ്ററോട് കൂടിയ ലേബർ റൂം, ഓഫ്‌താൽ ഒപി, ഓഫ്താൽ ഓപ്പറേഷൻ തിയേറ്റർ, സി എസ് യു, മെഡിസിൻ ഐ സി യു, സർജിക്കൽ ഐ സി യു, പോസ്റ്റ് ഒ പി, പോസ്റ്റ് നാറ്റൽ വാർഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും സർജിക്കൽ വാർഡുകൾ, ഫാർമസി, മലിന ജല ശുദ്ധീകരണ പ്ലാന്റ്, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇലക്ട്രിക്കൽ റൂം, സ്റ്റാഫ് റൂം, ചെയിഞ്ചിങ്ങ് റൂം,മോർച്ചറി തുടങ്ങി ഒരു സ്പെഷാലിറ്റി ആശുപത്രിക്ക് ആവശ്യമായ എല്ലാ വിധ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതേ സമയം രാഷ്ട്രീയ വടംവലിയിൽ പെട്ട് അനുദിനം നാശോന്മുഖമായി മാറുകയാണ് പാനൂർ താലൂക്കാശുപത്രി. സ്വന്തം നിലയിൽ കൈയ്യിൽ നിന്നും പണമെടുത്താണ് പെയ്ൻ്റിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റപണികൾ പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ഈയിടെ പൂർത്തിയാക്കിയത്. പാനൂർ ഗവ.സാമൂഹ്യ ആരോഗ്യ കേന്ദ്രമെന്നത് താലൂക്കാശുപത്രിയായി ഉയർത്തിയത് നിലവിൽ പേരിൽ മാത്രമൊതുങ്ങുകയും ചെയ്തു.'

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/323489/koothparamba-govt-taluk-super-specialty-hospital-to-be-dedicated-by-chief-minister-on-monday-panur-govt-hospital-faces-only-neglect-and-deprivation)