---
title: "കേരളാ തീരത്ത് ശക്തമായ കാറ്റ്, മഴ കനക്കും ; കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ  പ്രത്യേക  മുന്നറിയിപ്പ്"
english_title: "Strong winds and heavy rain expected on Kerala coast; Special warning issued for 5 districts including Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322784/strong-winds-and-heavy-rain-expected-on-kerala-coast-special-warning-issued-for-5-districts-including-kannur"
published_at: "2025-10-27T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff1206e7234_Untitled-3_copy.jpg"
keywords: []
---

# കേരളാ തീരത്ത് ശക്തമായ കാറ്റ്, മഴ കനക്കും ; കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ  പ്രത്യേക  മുന്നറിയിപ്പ്

> **Lead Summary:** കേരള തീരത്ത് ശക്തമായ കാറ്റ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ മോന്ത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

കേരള തീരത്ത് ശക്തമായ കാറ്റ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ മോന്ത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരവും കൊല്ലവും ഒഴികെ മറ്റ് ജില്ലകളിലെല്ലാം മഞ്ഞ അലേര്‍ട്ട് ആണ്.

അതേസമയം, മോന്ത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിന്ന് ഇടയിൽ നാളെ രാവിലെ കര തൊടും. ആന്ധ്രാ സർക്കാർ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്.ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ആന്ധ്രയിൽ 23 ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പുണ്ട്. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് ആണ്.

ഗുണ്ടുരിലും അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫുട്പാത്തുകളിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. ഭക്ഷ്യ ധാന്യങ്ങളും ഇന്ധനവും അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീരങ്ങളിൽ ഇറങ്ങുന്നതിന് വിലക്കുണ്ട്. ആശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജമാക്കാനും നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിൽ സ്കൂളുകൾ അടച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322784/strong-winds-and-heavy-rain-expected-on-kerala-coast-special-warning-issued-for-5-districts-including-kannur)