---
title: "ഡോക്ടറെ  വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ സനൂപ് ; വെട്ട്  ആരോഗ്യമന്ത്രിക്കും, ആശുപത്രി സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നൂവെന്നും പ്രതികരണം"
english_title: "Sanoop pleads not guilty in doctor stabbing incident; Response says he will dedicate the stabbing to the Health Minister and the hospital superintendent"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/319473/sanoop-pleads-not-guilty-in-doctor-stabbing-incident-response-says-he-will-dedicate-the-stabbing-to-the-health-minister-and-the-hospital-superintendent"
published_at: "2025-10-08T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e68559ecb79_68e66f16ef72c_fgh.jpg"
keywords: []
---

# ഡോക്ടറെ  വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ സനൂപ് ; വെട്ട്  ആരോഗ്യമന്ത്രിക്കും, ആശുപത്രി സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നൂവെന്നും പ്രതികരണം

> **Lead Summary:** താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണം ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കോഴിക്കോട് മെഡിക്കൽ കൊളേജ് സൂപ്രണ്ടിനും സമർപ്പിക്കുന്നു എന്ന് പ്രതിയായ സനൂപ്. ഡോക്ടറെ വെട്ടിയത് പ്രതികാരം കൊണ്ടാണ്, മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്ന് പ്രതി മൊഴി നൽകി.

## Article Content

താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണം ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കോഴിക്കോട് മെഡിക്കൽ കൊളേജ് സൂപ്രണ്ടിനും സമർപ്പിക്കുന്നു എന്ന് പ്രതിയായ സനൂപ്. ഡോക്ടറെ വെട്ടിയത് പ്രതികാരം കൊണ്ടാണ്, മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്ന് പ്രതി മൊഴി നൽകി.

അതിഗുരുതര സാഹചര്യത്തിൽ എത്തിച്ച കുട്ടിക്ക് ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു സനൂപ് ഡോ. വിപിനെ ആക്രമിച്ചത്. സനൂപിൻ്റെ അറസ്റ്റ് കോഴിക്കോട് റൂറൽ എസ്പി രേഖപ്പെടുത്തി.

ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയ സനൂപ്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിപിന്‍ എന്ന ഡോക്ടര്‍ക്ക് നേരെയായിരുന്നു ആക്രമണം. വടിവാള്‍ ഉപയോഗിച്ച് സനൂപ് ആക്രമിക്കുകയായിരുന്നു.

രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷം സൂപ്രണ്ടിനെ തിരഞ്ഞ് മുറിയില്‍ എത്തി. ഇതിനിടെയാണ് ഡോക്ടര്‍ വിപിനെ കാണുന്നതും ആക്രമിക്കുന്നതും. ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്. തലയോട്ടിയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ കെജിഎംഒ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/319473/sanoop-pleads-not-guilty-in-doctor-stabbing-incident-response-says-he-will-dedicate-the-stabbing-to-the-health-minister-and-the-hospital-superintendent)