---
title: "9 ലക്ഷത്തിൻ്റെ തട്ടിപ്പ് ; 2022ൽ പുഴയിൽ 'ചാടി മരിച്ച' കോഴിക്കോട് സ്വദേശിനി പിടിയിൽ"
english_title: "9 lakh fraud; Kozhikode native who 'jumped to death' in river in 2022 arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317655/9-lakh-fraud-kozhikode-native-who-jumped-to-death-in-river-in-2022-arrested"
published_at: "2025-09-29T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da1f386a02c_Untitled-2_copy.jpg"
keywords: []
---

# 9 ലക്ഷത്തിൻ്റെ തട്ടിപ്പ് ; 2022ൽ പുഴയിൽ 'ചാടി മരിച്ച' കോഴിക്കോട് സ്വദേശിനി പിടിയിൽ

> **Lead Summary:** വ്യാജസ്വർണാഭരണങ്ങൾ പണയംവെച്ച് 9.1 ലക്ഷം തട്ടിയെടുക്കുകയും, തുടർന്ന് പുഴയിൽച്ചാടി മരിച്ചെന്നുവരുത്തിത്തീർത്ത് ഒളിവിൽപ്പോവുകയുംചെയ്‌ത യുവതിയെ ഒരുവർഷത്തിനുശേഷം ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. ഫറോക്ക് ചെറുവണ്ണൂർ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വർഷയെയാണ് തൃശ്ശൂരിൽവെച്ച് കസ്റ്റഡിയിലെടുത്തത്.

## Article Content

വ്യാജസ്വർണാഭരണങ്ങൾ പണയംവെച്ച് 9.1 ലക്ഷം തട്ടിയെടുക്കുകയും, തുടർന്ന് പുഴയിൽച്ചാടി മരിച്ചെന്നുവരുത്തിത്തീർത്ത് ഒളിവിൽപ്പോവുകയുംചെയ്‌ത യുവതിയെ ഒരുവർഷത്തിനുശേഷം ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. ഫറോക്ക് ചെറുവണ്ണൂർ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വർഷയെയാണ് തൃശ്ശൂരിൽവെച്ച് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. വർഷ വാടകയ്ക്കുതാമസിച്ചിരുന്ന ഫറോക്ക് 8/3ലെ വാഴക്കപ്പൊറ്റ വീട്ടിൽ 'മരിക്കാൻ പോകുന്നു' എന്ന് കത്തെഴുതിവെച്ച് 2022 നവംബർ 11-നാണ് യുവതി സ്‌കൂട്ടറിൽ പോയത്. തുടർന്ന് യുവതിയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വർഷ ഓടിച്ചുപോയ സ്‌കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഇതോടെ യുവതി പുഴയിൽച്ചാടി മരിച്ചിരിക്കാമെന്ന ധാരണപരന്നു. യുവതി ഫോണും സിമ്മും ഉപേക്ഷിച്ചതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണം എങ്ങുമെത്താതെ നിലച്ചു.

പിന്നീട് യുവതി ജീവിച്ചിരിപ്പുണ്ടെന്നും, ഇന്റർനെറ്റ് കോളുകൾവഴി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും പോലീസ് കണ്ടെത്തി. തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തുവരുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.

ഒളിവിൽപ്പോകുന്നതിനുമുൻപ് വർഷ സാമ്പത്തികത്തട്ടിപ്പുനടത്തിയിരുന്നതായി പോലീസ് പറയുന്നു. 2022 നവംബർ ഒൻപത്, 10 തീയതികളിലായി ഫറോക്ക് സൗഭാഗ്യ ഫിനാൻസിയേഴ്‌സിൽ 226.5 ഗ്രാം വ്യാജസ്വർണാഭരണങ്ങൾ പണയംവെച്ച് 9.1 ലക്ഷം കൈക്കലാക്കി. ഒട്ടേറെ സ്വകാര്യ വ്യക്തികളിൽനിന്ന് ഇവർ പണം കടംവാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഫറോക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ്, സിപിഒമാരായ പ്രജിഷ, സനൂപ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗങ്ങളായ സുജിത്ത് മാവൂർ, ഷെഫിൻ സ്‌കറിയ എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317655/9-lakh-fraud-kozhikode-native-who-jumped-to-death-in-river-in-2022-arrested)