---
title: "സംസ്ഥാന വോളിബോൾ ടൂർണമെൻ്റിൽ തൃശൂർ ജില്ലയെ  കിരീടമണിയിച്ച കോച്ച് ജോഫി ജോർജ് ഇനി ഓർമ്മ ; അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ കളി പ്രേമികളും, ഒപ്പം  ചമ്പാട്ടുകാരും"
english_title: "Coach Jophi George, who crowned Thrissur district in the state volleyball tournament, is now remembered; Sports enthusiasts and fans alike cannot believe his unexpected demise"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317248/coach-jophi-george-who-crowned-thrissur-district-in-the-state-volleyball-tournament-is-now-remembered-sports-enthusiasts-and-fans-alike-cannot-believe-his-unexpected-demise"
published_at: "2025-09-26T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6a45f3a398_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാന വോളിബോൾ ടൂർണമെൻ്റിൽ തൃശൂർ ജില്ലയെ  കിരീടമണിയിച്ച കോച്ച് ജോഫി ജോർജ് ഇനി ഓർമ്മ ; അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ കളി പ്രേമികളും, ഒപ്പം  ചമ്പാട്ടുകാരും

> **Lead Summary:** 67 മത് സംസ്ഥാന സ്കൂൾ ഗെയിംസിൻ്റെ ഭാഗമായുള്ള സംസ്ഥാന വോളിബോൾ ടൂർണമെൻ്റിൽ തൃശ്ശൂരിനെ വിജയകിരീടമണിയിച്ച് കോച്ച് തെക്കോടൻ ജോഫി ജോർജ് ഇനി ഓർമ്മ. സംസ്ഥാന അണ്ടർ 19 മത്സരത്തിൽ തൃശ്ശൂർ ജേതാക്കളായതിൻ്റെ ആഹ്ലാദാരവങ്ങൾ തൃശൂരിൽ ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

## Article Content

67 മത് സംസ്ഥാന സ്കൂൾ ഗെയിംസിൻ്റെ ഭാഗമായുള്ള സംസ്ഥാന വോളിബോൾ ടൂർണമെൻ്റിൽ തൃശ്ശൂരിനെ വിജയകിരീടമണിയിച്ച് കോച്ച് തെക്കോടൻ ജോഫി ജോർജ് ഇനി ഓർമ്മ. സംസ്ഥാന അണ്ടർ 19 മത്സരത്തിൽ തൃശ്ശൂർ ജേതാക്കളായതിൻ്റെ ആഹ്ലാദാരവങ്ങൾ തൃശൂരിൽ ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

കഴിഞ്ഞ ദിവസം 24 മുതൽ വോളിബോൾ ടൂർണമെൻ്റ് ആരംഭിച്ചപ്പോൾ മുതൽ ജോഫി ജോർജ് ടീമിനൊപ്പം ചമ്പാട്ടുണ്ടായിരുന്നു. ജോഫിയുടെ മികച്ച പരിശീലനത്തിലൂടെ ആർജിച്ച കളിമികവിലൂടെ ഇടുക്കിയെ തോല്പിച്ച തൃശൂർ ക്വാർട്ടറിൽ കോഴിക്കോടിനെയും, സെമിയിൽ കാസർകോടിനെയും ഫൈനലിൽ തിരുവനന്തപുരത്തെയും പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്.

തുടർന്ന് കിരീടമേറ്റുവാങ്ങിയ ജോഫിയും, ടീമും ചമ്പാടിൻ്റെ സ്നേഹാദരവും ഏറ്റുവാങ്ങി രാത്രിയോടെയാണ് തൃശ്ശൂരിലേക്ക് മടങ്ങിയത്. രാവിലെ വീട്ടിൽ വച്ച് നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് വെണ്ടൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോഫിയുടെ ജീവൻ രക്ഷിക്കാനായില്ല. രാവിലെ നാട്ടിലെത്തിയ കാര്യം വിളിച്ചറിയിച്ചിരുന്നുവെന്നും, പിന്നീട് മരണവാർത്ത കേട്ട് ഞെട്ടിത്തരിച്ചെന്നും ടൂർണമെൻ്റ് വർക്കിംഗ് കമ്മിറ്റി കൺവീനർ കെ.ഷാജി പറഞ്ഞു.

തൃശ്ശൂർ റെഡ്ലാൻ്റ്സ് വോളി അക്കാദമി പരിശീലകൻ, തൃശ്ശൂർ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് വോളിടെക്നിക്കൽ കമ്മിറ്റി അംഗം എന്നിങ്ങനെ വോളിബോൾ രംഗത്ത് സജീവമായിരുന്നു. ഭാര്യ മേഴ്സി ജോഫി മുൻ ഇൻ്റർനാഷണൽ വോളി താരമാണ്. ജോയ് ജോഫി, ജോഫ്ന ജോഫി എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317248/coach-jophi-george-who-crowned-thrissur-district-in-the-state-volleyball-tournament-is-now-remembered-sports-enthusiasts-and-fans-alike-cannot-believe-his-unexpected-demise)