---
title: "പന്ന്യന്നൂരിന് പിന്നാലെ കതിരൂരും ഇനി സമ്പൂര്‍ണ ഗ്രന്ഥശാല ഗ്രാമപഞ്ചായത്ത് ; പ്രഖ്യാപനം നടത്തി വി.ശിവദാസൻ എം പി"
english_title: "After Pannyannur, Kathiroor will now have a complete library grama panchayat; MP V. Sivadasan made the announcement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/314334/after-pannyannur-kathiroor-will-now-have-a-complete-library-grama-panchayat-mp-v-sivadasan-made-the-announcement"
published_at: "2025-09-12T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3afe7068e8_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂരിന് പിന്നാലെ കതിരൂരും ഇനി സമ്പൂര്‍ണ ഗ്രന്ഥശാല ഗ്രാമപഞ്ചായത്ത് ; പ്രഖ്യാപനം നടത്തി വി.ശിവദാസൻ എം പി

> **Lead Summary:** കതിരൂര്‍:കതിരൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഗ്രന്ഥശാലാ പഞ്ചായത്തായി ഡോ. വി ശിവദാസന്‍ എം പി പ്രഖ്യാപിച്ചു.പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ എന്നിവ സംയുക്തമായി ആരംഭിച്ച എല്ലാ വാർഡിലും വായനശാല എന്ന ബൃഹദ് പദ്ധതിയുടെ സഹായത്തോടെയാണ് നേട്ടം കൈവരിച്ചത്.

## Article Content

കതിരൂര്‍:കതിരൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഗ്രന്ഥശാലാ പഞ്ചായത്തായി ഡോ. വി ശിവദാസന്‍ എം പി പ്രഖ്യാപിച്ചു.പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ എന്നിവ സംയുക്തമായി ആരംഭിച്ച എല്ലാ വാർഡിലും വായനശാല എന്ന ബൃഹദ് പദ്ധതിയുടെ സഹായത്തോടെയാണ് നേട്ടം കൈവരിച്ചത്.

ഇതോടെ മുഴുവൻ പഞ്ചായത്തു വാര്‍ഡുകളിലും ഓരോ ലൈബ്രറിയുള്ള സമ്പൂര്‍ണ ലൈബ്രറി ജില്ലയായി കണ്ണൂര്‍ മാറുകയാണ്.

കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലായി ലൈബ്രറികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ ഉള്‍പ്പെടെ 34 സാംസ്‌കാരിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

7000 മുതല്‍ 26000 പുസ്തകങ്ങള്‍ ഉള്ള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ഏഴ് ലൈബ്രറികളുണ്ട്.

എ, ബി ഗ്രഡേഷനുകളുള്ള ലൈബ്രറികള്‍ 'എ' പ്ലസ് ഗ്രേഡിലേക്ക് മുന്നേറാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ 'അബ്ദുല്‍ കലാം ലൈബ്രറി'യുടേതുള്‍പ്പെടെ 12 ഗ്രന്ഥശാലകളുടെ അഫിലിയേഷന്‍ പ്രവര്‍ത്തനങ്ങളും

പുതുതായി ആരംഭിച്ച 12 ഗ്രന്ഥശാലകളുടെ പുസ്തക സമാഹരണവും തുടരുകയാണ്. ഡോ. വി ശിവദാസന്‍ എം പി യുടെ ഫണ്ടില്‍ നിന്ന് മൂന്ന് പുതിയ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

ബാലവേദി, വനിതാവേദി, വയോജനവേദി, യുവജന വേദി, കലാ-കായിക വേദി തുടങ്ങിയവയിലൂടെയുള്ള വിവിധ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമാണ് ഗ്രന്ഥശാലകൾ. കൂടാതെ പ്രതിമാസ പരിപാടികള്‍, ജില്ലാ താലൂക്ക് കൗണ്‍സില്‍ നിര്‍ദ്ദേശാനുസരണുള്ള പരിപാടികള്‍, വാര്‍ഷിക ആഘോഷങ്ങള്‍, ഉത്സവാഘോഷങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, ആനുകാലിക സാംസ്‌കാരിക വിഷയങ്ങളിൽ ചർച്ചകൾ എന്നിവയും നടന്നുവരുന്നു.

കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് യോഗയുടെയും സംയുക്താഭിമുഖ്യത്തില്‍ ലൈബ്രറികളിലും ക്ലബ്ബുകളിലും യോഗ പരിശീലിപ്പിക്കുന്നു. ഇന്‍സ്ട്രക്ടര്‍ ചരിഷ്മ ജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി യോഗ ക്ലബ്ബുകള്‍ ഗ്രന്ഥശാലകളിൽ സജീവമാണ്.

കതിരൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സനില്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ്‌ അഫ്സൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി പ്രദീപൻ, എൻ എസ്‌ എസ്‌ കണ്ണൂർ സൗത്ത്‌ കൺവീനർ കെ എം പ്രേംജിത്ത്, കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ, ടി കെ ഷാജി, എം സുഗതൻ എന്നിവർ പങ്കെടുത്തു. ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ച ഏഴ് അഫിലിയേറ്റഡ് ഗ്രന്ഥശാലകൾക്കുള്ള ഹരിത സർട്ടിഫിക്കറ്റ് ജില്ലാ ഹരിതമിഷൻ കോഡിനേറ്റർ ഇ കെ സോമശേഖരൻ വിതരണം ചെയ്തു. കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് നൽകിയ ഹരിത കർമ്മ സേനാംഗം ശ്രീജയയെ ചടങ്ങിൽ ആദരിച്ചു. കുണ്ടുചിറ വയോജന കേന്ദ്രത്തിലെ അന്തേവാസികളുടെ കലാപരിപാടിയും യോഗ ക്ലബ്ബുകളുടെ കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക, ഗ്രന്ഥശാല പ്രവർത്തകർ അണിനിരന്ന ഘോഷയാത്രയും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/314334/after-pannyannur-kathiroor-will-now-have-a-complete-library-grama-panchayat-mp-v-sivadasan-made-the-announcement)