---
title: "സർക്കാറിനും, പന്ന്യന്നൂർ പഞ്ചായത്തിനുമൊപ്പം രാഷ്ടീയ - മത ഭേദമന്യേ മാക്കുനി പ്രദേശത്തുകാരും കൈകോർത്തു ; ഉമയും കുടുംബവും ഇനി 'ശ്രീലയ'ത്തിൽ അന്തിയുറങ്ങും"
english_title: "The people of Makkuni area, irrespective of political or religious affiliation, joined hands with the government and Pannyannur Panchayat; Uma and her family will now rest in 'Srilayam'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313996/the-people-of-makkuni-area-irrespective-of-political-or-religious-affiliation-joined-hands-with-the-government-and-pannyannur-panchayat-uma-and-her-family-will-now-rest-in-srilayam"
published_at: "2025-09-10T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c14c4a1bdf3_Untitled-2_copy.jpg"
keywords: []
---

# സർക്കാറിനും, പന്ന്യന്നൂർ പഞ്ചായത്തിനുമൊപ്പം രാഷ്ടീയ - മത ഭേദമന്യേ മാക്കുനി പ്രദേശത്തുകാരും കൈകോർത്തു ; ഉമയും കുടുംബവും ഇനി 'ശ്രീലയ'ത്തിൽ അന്തിയുറങ്ങും

> **Lead Summary:** **പന്ന്യന്നൂർ: **സർക്കാറിനും, പഞ്ചായത്തിനുമൊപ്പം, മത-രാഷ്ട്രീയ ഭേദമന്യേ ഒരേ മനസാലെ പ്രദേശത്തുകാർ കൈകോർത്തപ്പോൾ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിലെ മാക്കുനിയിൽ ഉമക്ക് അടച്ചുറപ്പുള്ള വീടായി. വീടിൻ്റെ താക്കോൽദാനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി 9,80,000 രൂപ ഉപയോഗിച്ചാണ് 'ശ്രീലയ'മെന്ന വീട് പണിതത്.

## Article Content

**പന്ന്യന്നൂർ: **സർക്കാറിനും, പഞ്ചായത്തിനുമൊപ്പം, മത-രാഷ്ട്രീയ ഭേദമന്യേ ഒരേ മനസാലെ പ്രദേശത്തുകാർ കൈകോർത്തപ്പോൾ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിലെ മാക്കുനിയിൽ ഉമക്ക് അടച്ചുറപ്പുള്ള വീടായി. വീടിൻ്റെ താക്കോൽദാനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി 9,80,000 രൂപ ഉപയോഗിച്ചാണ് 'ശ്രീലയ'മെന്ന വീട് പണിതത്.

സാമ്പത്തികമായി വളരെയേറെ പ്രയാസം അനുഭവിക്കുന്ന മാക്കുനി റോഡിലെ തയ്യിൽ മങ്ങാടൻ ഉമയുടെ വീടാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണിതത്. സർക്കാരിൻ്റെ 4 ലക്ഷം രൂപയും നാട്ടുകാരും, സുമനസുകളും ചേർന്ന് സ്വരുക്കൂട്ടിയ 5,80,000 രൂപയും കൂടി ചേർത്താണ് മനോഹരമായ വീട് നിർമ്മിച്ചു നൽകിയത്.

നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ചാണ് 10 മാസം മുമ്പ് വീടിൻ്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്.

നിർധന കുടുംബത്തിൽ പെട്ട ജോലി ചെയ്യാൻ ശാരീരികമായി സാധിക്കാത്ത അവിവാഹിതയായ ഉമയും, സഹോദരി പുഷ്പയും, കുടുംബവും താമസിക്കുന്ന കൂര മഴക്കാലത്ത് ചോർന്നൊലിക്കുകയും വെള്ളം കയറുന്ന പൊട്ടിപ്പൊളിഞ്ഞ നിലയിലുമായിരുന്നു. ഈ വീട് പൊളിച്ചുമാറ്റിയാണ് 535 സ്ക്വയർ ഫീറ്റിൽ മനോഹരമായ വീട് പണിതത്.

ജില്ലാ പഞ്ചായത്ത് അംഗം ഇ. വിജയൻ മാസ്റ്റർ വീടിൻ്റെ താക്കോൽ കൈമാറി. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ മണിലാൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ സുനിത സ്വാഗതം പറഞ്ഞു. വീട് നിർമ്മാണ കമ്മിറ്റി കൺവീനർ ടി എൻ സജീവ് കുമാർ റിപ്പോർട്ടും ട്രഷറർ വി മുരളീധരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി റംല, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി രമ ടീച്ചർ,

പന്ന്യന്നൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്

ടി ഹരിദാസൻ, എൻ. ഉണ്ണി മാസ്റ്റർ, ടി.പി പ്രേമനാഥൻ മാസ്റ്റർ, കെ ജയരാജൻ മാസ്റ്റർ,

പി എം അഷ്റഫ്, ടി ടി അസ്ക്കർ, റഫീക്ക് പാറയിൽ, എൻ

സിഗേഷ് എന്നിവർ സംസാരിച്ചു.

വീടിന് ആവശ്യമായ വയറിങ്ങും മറ്റും സൗജന്യമായി ചെയ്തു നൽകിയ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തലശ്ശേരി യൂണിറ്റിനുള്ള ആദരവും ചടങ്ങിൽ നടന്നു. അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ് സി സജീവൻ, സെക്രട്ടറി എ രാഹുൽ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മികച്ച സേവനം ചെയ്ത കോൺട്രാക്ടർ എ. രാജനേയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313996/the-people-of-makkuni-area-irrespective-of-political-or-religious-affiliation-joined-hands-with-the-government-and-pannyannur-panchayat-uma-and-her-family-will-now-rest-in-srilayam)