---
title: "ചിയേഴ്സിന് കുറവില്ല ; ഇത്തവണയും ബെവ്കോവിൽ റെക്കോഡ് വിൽപ്പന"
english_title: "There is no shortage of cheers; Bevkovi records record sales this time too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313013/there-is-no-shortage-of-cheers-bevkovi-records-record-sales-this-time-too"
published_at: "2025-09-05T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba7fa77a5c4_Untitled-1_copy.jpg"
keywords: []
---

# ചിയേഴ്സിന് കുറവില്ല ; ഇത്തവണയും ബെവ്കോവിൽ റെക്കോഡ് വിൽപ്പന

> **Lead Summary:** പതിവുപോലെ ഇത്തവണയും ഉത്രാടദിവസം ബെവ്‌കോയില്‍ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെട്ടത്.

## Article Content

പതിവുപോലെ ഇത്തവണയും ഉത്രാടദിവസം ബെവ്‌കോയില്‍ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെട്ടത്.

അതിനാല്‍ത്തന്നെ വ്യാഴാഴ്ച റെക്കോഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്‌കോ അധികൃതരുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞവര്‍ഷം ഉത്രാടദിനത്തില്‍ മലയാളി കുടിച്ചുതീര്‍ത്തത് 124 കോടിയുടെ മദ്യമാണ്. ഈ റെക്കോഡ് ഇത്തവണ മറികടന്നേക്കുമെന്നാണ് സൂചന. 2023-ലെ ഉത്രാടദിനത്തില്‍ 116 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്തുമാത്രം ബെവ്‌കോയില്‍ 818.21 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. ഇത്തവണ ഈ കണക്കുകള്‍ ഉയരാനാണ് സാധ്യത.

കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഉത്രാടംവരെയുള്ള ഒമ്പതു ദിവസം 701 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് വകുപ്പിന് കീഴിലുള്ള ബെവ്‌കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്‌ലെറ്റുകളും 155 സെല്‍ഫ് സര്‍വീസ് ഔട്ട്‌ലെറ്റുകളുമാണ് ഉള്ളത്.

തിരുവോണത്തിന് പുറമെ ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴിനും ശ്രീനാരായണ ഗുരു സമാധി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 21-നും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും.

ഇത്തവണ ഓണം പ്രമാണിച്ച് ബെവ്‌കോ ജീവനക്കാര്‍ക്ക് ലഭിച്ച ബോണസ് തുകയും ശ്രദ്ധേയമായിരുന്നു. 102,500 രൂപ റെക്കോഡ് ബോണസാണ് ഇത്തവണ ബെവ്‌കോ ജീവനക്കാര്‍ക്ക് ലഭിച്ചത്. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയര്‍ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാര്‍ക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും. കഴിഞ്ഞവര്‍ഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313013/there-is-no-shortage-of-cheers-bevkovi-records-record-sales-this-time-too)