---
title: "ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ പ്രധാനപ്രതികൾ   കോടതിയിൽ കീഴടങ്ങി ; ഇതോടെ മുഴുവൻ പ്രതികളും റിമാണ്ടിൽ"
english_title: "After the rejection of their bail plea, the main accused in the Peringathur bus conductor assault case surrendered in court; with this, all the accused are in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309770/after-the-rejection-of-their-bail-plea-the-main-accused-in-the-peringathur-bus-conductor-assault-case-surrendered-in-court-with-this-all-the-accused-are-in-remand"
published_at: "2025-08-20T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a56f8363f58_688a01f761eb2_1000818744.jpg"
keywords: []
---

# ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ പ്രധാനപ്രതികൾ   കോടതിയിൽ കീഴടങ്ങി ; ഇതോടെ മുഴുവൻ പ്രതികളും റിമാണ്ടിൽ

> **Lead Summary:** പെരിങ്ങത്തൂർ: തൊട്ടിൽപ്പാലത്തെ സ്വകാര്യ ബസ് കണ്ടക്ടറെ പെരിങ്ങത്തൂരിൽ ബസിൽ വെച്ച് മർദ്ദിച്ച കേസിൽ പ്രധാനപ്രതികളായ നാലുപേർ തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ഒളിവിൽ കഴിയുകയായിരുന്ന നാല് പ്രതികളെയും ഹാജരായതിന് പിന്നാലെ കോടതി റിമാന്റ് ചെയ്തു.

## Article Content

പെരിങ്ങത്തൂർ: തൊട്ടിൽപ്പാലത്തെ സ്വകാര്യ ബസ് കണ്ടക്ടറെ പെരിങ്ങത്തൂരിൽ ബസിൽ വെച്ച് മർദ്ദിച്ച കേസിൽ പ്രധാനപ്രതികളായ നാലുപേർ തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ഒളിവിൽ കഴിയുകയായിരുന്ന നാല് പ്രതികളെയും ഹാജരായതിന് പിന്നാലെ കോടതി റിമാന്റ് ചെയ്തു.

തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്നാഴ്ചയോളം ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.

പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു ഇതിനുപിന്നാലെയാണ് കോടതിയിൽ ഹാജരായത്. നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്ത്, പെരിങ്ങത്തൂർ സ്വദേശി വട്ടക്കണ്ടി സവാദ് ,എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. ഇതോടെ വിശ്വജിത്ത് , സവാദ് , വിഷ്ണു, ജിനേഷ് എന്നീ പ്രതികൾ കോടതിയിൽ ഹാജരാവുകയായിരുന്നു .

വധശ്രമമുൾപ്പടെ 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും, ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ ശക്തമായ തെളിവുകൾ പ്രതികൾക്കെതിരെ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹരജി തള്ളിയത്.

ഏറെ പൊതുജന ശ്രദ്ധയാകർഷിച്ച കേസായതു കൊണ്ടു തന്നെ പ്രതികളെ സംരക്ഷിക്കുന്നവരെ കൂടി ഉൾപ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംഭവത്തിൽ 8 പേർക്കെതിരെയാണ് ചൊക്ലി പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അക്രമി സംഘത്തിലെ വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂരിൽ താഴേപ്പാറയുള്ള പറമ്പത്ത് കെ.സി.ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.

സംഭവദിവസം തന്നെ സ്‌ഥലംവിട്ട വിശ്വജിത്തിനെയും, സവാദിനെയും കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടയിലാണ് രണ്ടുപേരും മുൻകൂർ ജാമ്യാപേക്ഷയുമായി തലശേരി ജില്ലാ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 29 ആം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്. പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ നാദാപുരം സ്വദേശി വിഷ്ണു പറഞ്ഞു.

ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു. ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ലെന്നും വിഷ്ണു വ്യക്തമാക്കി. അതേസമയം വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309770/after-the-rejection-of-their-bail-plea-the-main-accused-in-the-peringathur-bus-conductor-assault-case-surrendered-in-court-with-this-all-the-accused-are-in-remand)