---
title: "പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ  പ്രധാന പ്രതികളുടെ  മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി ; പ്രതികൾ ഒളിവിൽതന്നെ, കേസിൽ  കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കും"
english_title: "Court rejects anticipatory bail plea of main accused in Peringathur bus conductor assault case; accused still absconding, more people may be included in the case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309690/court-rejects-anticipatory-bail-plea-of-main-accused-in-peringathur-bus-conductor-assault-case-accused-still-absconding-more-people-may-be-included-in-the-case"
published_at: "2025-08-19T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4b16976b31_688a01f761eb2_1000818744.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ  പ്രധാന പ്രതികളുടെ  മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി ; പ്രതികൾ ഒളിവിൽതന്നെ, കേസിൽ  കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കും

> **Lead Summary:** പെരിങ്ങത്തൂർ:തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ നാദാപുരം വെള്ളൂരിലെ വിശ്വജിത്ത്, പെരിങ്ങത്തൂർ വട്ടക്കണ്ടി സവാദ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.

## Article Content

പെരിങ്ങത്തൂർ:തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ നാദാപുരം വെള്ളൂരിലെ വിശ്വജിത്ത്, പെരിങ്ങത്തൂർ വട്ടക്കണ്ടി സവാദ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.

വധശ്രമമുൾപ്പടെ 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും, ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ ശക്തമായ തെളിവുകൾ പ്രതികൾക്കെതിരെ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹരജി തള്ളിയത്. ഇതോടെ പ്രതികൾ കീഴടങ്ങാനുള്ള സാധ്യതയേറി. ഏറെ പൊതുജന ശ്രദ്ധയാകർഷിച്ച കേസായതു കൊണ്ടു തന്നെ പ്രതികളെ സംരക്ഷിക്കുന്നവരെ കൂടി ഉൾപ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

സംഭവത്തിൽ 8 പേർക്കെതിരെ യാണ് ചൊക്ലി പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അക്രമി സംഘത്തിലെ വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂരിൽ താഴേപ്പാറയുള്ള പറമ്പത്ത് കെ.സി.ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. സംഭവദിവസം തന്നെ സ്‌ഥലംവിട്ട വിശ്വജിത്തിനെയും, സവാദിനെയും കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടയിലാണ് രണ്ടുപേരും മുൻകൂർ ജാമ്യാപേക്ഷയുമായി തലശേരി ജില്ലാ കോടതിയെ സമീപിച്ചത്. ഇവരെ കൂടാതെ മറ്റു രണ്ടു പ്രതികളെ കൂടി ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309690/court-rejects-anticipatory-bail-plea-of-main-accused-in-peringathur-bus-conductor-assault-case-accused-still-absconding-more-people-may-be-included-in-the-case)