---
title: "പൊന്നിൻ ചിങ്ങം പിറന്നു ; പുതിയ പ്രതീക്ഷകളും, സ്വപ്നങ്ങളുമായി..."
english_title: "The golden lion is born; with new hopes and dreams..."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309104/the-golden-lion-is-born-with-new-hopes-and-dreams"
published_at: "2025-08-17T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a15e4f5bd27_Untitled-4_copy.jpg"
keywords: []
---

# പൊന്നിൻ ചിങ്ങം പിറന്നു ; പുതിയ പ്രതീക്ഷകളും, സ്വപ്നങ്ങളുമായി...

> **Lead Summary:** ഇന്ന് ചിങ്ങം ഒന്ന്, മലയാള മാസങ്ങളിലെ ഏറ്റവും സുന്ദരവും വര്‍ണാഭവുമായ മാസം. മണ്ണിനോടും മഴയോടും മല്ലിട്ട് സമൃദ്ധി വിളയിക്കുന്ന കാര്‍ഷിക സ്‌മരണകളുടെ ദിനം കൂടിയാണ് ചിങ്ങം. പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതിയില്‍ നിന്ന് മനുഷ്യനെ സ്വപ്‌നം കാണിക്കുന്ന ദിനങ്ങള്‍..

## Article Content

ഇന്ന് ചിങ്ങം ഒന്ന്, മലയാള മാസങ്ങളിലെ ഏറ്റവും സുന്ദരവും വര്‍ണാഭവുമായ മാസം. മണ്ണിനോടും മഴയോടും മല്ലിട്ട് സമൃദ്ധി വിളയിക്കുന്ന കാര്‍ഷിക സ്‌മരണകളുടെ ദിനം കൂടിയാണ് ചിങ്ങം. പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതിയില്‍ നിന്ന് മനുഷ്യനെ സ്വപ്‌നം കാണിക്കുന്ന ദിനങ്ങള്‍..

ഇന്ന് കര്‍ഷക ദിനം കൂടിയാണ്. അതുപോലെ മലയാള വർഷാരംഭവും.മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്നിന്‍ കതിര്‍ കൊയ്‌ത് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമൃദ്ധിയുടെ മാസം.

ചിങ്ങമെന്നാല്‍ ഓണമെന്നാണ് പലരുടെയും ഉള്ളില്‍. അത്തം മുതല്‍ തിരുവോണം വരെ മലയാളികളുടെ മുറ്റത്ത് ആഘോഷമാണ്. ഓണപൂക്കളവും സദ്യയും ഓണക്കളികളുമെല്ലാം മലയാളികളുടെ ഉള്ളം നിറയ്ക്കാറുണ്ട്. അങ്ങനെ ഓരോ ഹൃദയത്തിലും നവോന്മേഷത്തിന്‍റെ പൂമ്പൊടി വിതറികൊണ്ട് ചിങ്ങമാസം അവസാനിക്കുന്നതിന്‍റെ പത്തുദിവസം മുന്‍പാണ് ഇക്കുറി തിരുവോണമെത്തുന്നത്.

കര്‍ക്കിടമാസത്തിലെ സങ്കടം പെയ്‌തൊഴിഞ്ഞ് ആശ്വാസത്തിന്‍റെ കിരണങ്ങളാണ് ചിങ്ങമാസത്തിലൂടെ കടന്നു വരുന്നത്. മണ്ണും മനുഷ്യനും ചേര്‍ന്ന് പാരസ്‌പര്യത്തിന് പൂക്കള്‍ക്കൊണ്ട് നിറയ്ക്കുകയാണ് ചിങ്ങമാസം. മറ്റൊരു മാസത്തിനും ഇല്ലാത്ത സൗന്ദര്യവും ശാലീനതയും ഈ മാസത്തിനുണ്ട്.

പുതിയ പ്രതീക്ഷകളുടെ പൊന്നിൻ ചിങ്ങത്തെ കൈ നീട്ടി സ്വീകരിക്കാം, ഏവർക്കും ട്രൂവിഷൻ്റെ പുതുവത്സരാശംസകൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309104/the-golden-lion-is-born-with-new-hopes-and-dreams)