---
title: "സദാചാര പൊലീസ് വിചാരണയെ തുടർന്ന് പിണറായി പറമ്പായിൽ യുവതിയുടെ ആത്മഹത്യ ; മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ "
english_title: "Woman commits suicide in Paramba, Pinarayi following morality police trial; Three SDPI activists arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297086/woman-commits-suicide-in-paramba-pinarayi-following-morality-police-trial-three-sdpi-activists-arrested"
published_at: "2025-06-19T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853a5e85e957_gvgvgvg.jpg"
keywords: []
---

# സദാചാര പൊലീസ് വിചാരണയെ തുടർന്ന് പിണറായി പറമ്പായിൽ യുവതിയുടെ ആത്മഹത്യ ; മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ 

> **Lead Summary:** ***കൂത്തുപറമ്പ്: ***കൂത്തുപറമ്പ് കായലോട് പറമ്പായിൽ സദാചാര പോലീസ് വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.

## Article Content

***കൂത്തുപറമ്പ്: ***കൂത്തുപറമ്പ് കായലോട് പറമ്പായിൽ സദാചാര പോലീസ് വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.

കായലോട്- പറമ്പായിലെ റസീന മൻസിലിൽ റസീന(40)യെയാണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റു ചെയ്തു.

യുവതിയുടെ മരണക്കുറിപ്പിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പറമ്പായി സ്വദേശികളായ എം സി.മൻസിലിൽ വി സി.മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ.ഫൈസൽ (34), കൂടത്താൻ കണ്ടി ഹൗസിൽ വി കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു.

ഞായറാഴ്ച വൈകുന്നേരം മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു.ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ കയ്യേറ്റം ചെയ്ത് സമീപത്തുള്ള ബിഗ് നഴ്സറിക്കടുത്തുള്ള മൈതാനത്തെത്തിച്ചു.

അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് 8.30 ഓടെ പറമ്പായിലെ എസ് ഡി പി ഐ ഓഫീസിലെത്തിച്ചു.ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിൻ്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തുകയായിരുന്നു.

കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സി ഐ എൻ. അജീഷ് കുമാർ പറഞ്ഞു.എസ്ഐ ബി എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

ഉപ്പ: എ മുഹമ്മദ്‌, ഉമ്മ: സി കെ. ഫാത്തിമ (ഇരുവരും സി പി എം ബ്രാഞ്ച് അംഗങ്ങൾ). ഭർത്താവ്: എം കെ.റഫീഖ് (ധർമ്മടം ഒഴയിൽ ഭാഗം, ഗൾഫ്). മക്കൾ: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്പറം എച്ച് എസ് എസ്), റസാന (മമ്പറം, എച്ച് എസ് എസ്), നൂറ മെഹറിൻ (അറമുഖ വിലാസം എൽ പി സ്കൂൾ). സഹോദരൻ: കെ റനീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297086/woman-commits-suicide-in-paramba-pinarayi-following-morality-police-trial-three-sdpi-activists-arrested)