---
title: "സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി "
english_title: "Rainstorms continue to wreak havoc in the state; 3 more people die in three districts, one person missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296570/rainstorms-continue-to-wreak-havoc-in-the-state-3-more-people-die-in-three-districts-one-person-missing"
published_at: "2025-06-16T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850174df1b7d_Untitled-2_copy.jpg"
keywords: []
---

# സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി 

> **Lead Summary:** സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.

## Article Content

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.

ഇന്നലെ കനത്ത മഴയ്ക്കിടെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോണിൻ്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ ഒഴുക്കിൽപ്പെട്ട സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ച രണ്ടാമത്തെയാൾ. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 10:30യോടെ കനത്ത മഴയിൽ വീട് തകർന്ന് വീണ് മരിച്ചത്.

കാസർകോട് കുമ്പളയിൽ കെട്ടിടത്തിന്‍റെ ഇരുമ്പ് മേൽക്കൂര ശക്തമായ കാറ്റിൽ തക‍ർന്ന് റോഡിലേക്ക് വീണു. പത്തനംതിട്ടയിൽ മരം വീടിന് മുകളിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മലയോര മേഖലകളിൽ മഴ തുടരുകയാണ്. അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മണ്ണാർക്കാട് സ്വദേശികളായ മരക്കാർ, പേരമകൾ ഇഷ മറിയം എന്നിവർക്ക് പരുക്കേറ്റു. രണ്ട് പേരുടെയും നില ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296570/rainstorms-continue-to-wreak-havoc-in-the-state-3-more-people-die-in-three-districts-one-person-missing)