---
title: "പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ  മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ ; മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്"
english_title: "Main accused Vineesh in custody in student's death from pig trap; case of involuntary manslaughter filed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294966/main-accused-vineesh-in-custody-in-students-death-from-pig-trap-case-of-involuntary-manslaughter-filed"
published_at: "2025-06-08T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684514311bd94_6844fef675f27_ARREST.jpg"
keywords: []
---

# പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ  മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ ; മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്

> **Lead Summary:** നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

## Article Content

നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു.

ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതായി 7 മാസം മുൻപ് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെന്നും അവർ തിരിഞ്ഞു നോക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പ്രദേശവാസികൾ. നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി ജിത്തു(15)ആണ് കഴിഞ്ഞദിവസം മരിച്ചത്. ഷാനു, യദു എന്നിവർ‌ക്ക് പരുക്കേറ്റിരുന്നു. ഫുട്ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.

‘‘എല്ലാവരുടെയും കൺമുന്നിലാണ് മോഷണം നടക്കുന്നത്. ആരോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. പന്നിയെ പിടിക്കാനാണ് കെണിവയ്ക്കുന്നത്. ഭൂമി ഉടമസ്ഥന് ഇതുമായി ബന്ധമില്ല. 5 കുട്ടികൾ ഉണ്ടായിരുന്നു. ഷോക്കേറ്റ ഒരു കുട്ടി എന്റെ വീട്ടിലേക്ക് ഓടിവന്നു. മൂന്നു കുട്ടികൾ വെള്ളത്തിൽ കിടക്കുകയായിരുന്നു. ഒരാൾ കരയിലുണ്ടായിരുന്നു. കമ്പ് ഉപയോഗിച്ച് ഒരു കുട്ടിയെ വെള്ളത്തിൽനിന്നു മാറ്റി. ഞാൻ കൂട്ടുകാരെ വിളിച്ചു പറഞ്ഞ് ഫ്യൂസ് ഊരിയശേഷം മറ്റ് കുട്ടികളെ സ്ഥലത്തുനിന്നു മാറ്റി. മരിച്ച കുട്ടി മുഖം ഇടിച്ചാണ് വീണത്’’– പ്രദേശവാസിയായ ശ്യാം മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294966/main-accused-vineesh-in-custody-in-students-death-from-pig-trap-case-of-involuntary-manslaughter-filed)