---
title: "ശവസംസ്കാര ചടങ്ങുകൾ നടത്താൻ ചൊക്ലിയിൽ സന്നദ്ധസേനയുമായി സിപിഎം ; സേനയിൽ 45 അംഗങ്ങൾ "
english_title: "CPM volunteers in Chokli to conduct funerals; 45 members in the force"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294672/cpm-volunteers-in-chokli-to-conduct-funerals-45-members-in-the-force"
published_at: "2025-06-06T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842a157a7941_Untitled-5_copy.jpg"
keywords: []
---

# ശവസംസ്കാര ചടങ്ങുകൾ നടത്താൻ ചൊക്ലിയിൽ സന്നദ്ധസേനയുമായി സിപിഎം ; സേനയിൽ 45 അംഗങ്ങൾ 

> **Lead Summary:** ചൊക്ലി: ദുഖ: സാന്ദ്രമായ സാഹചര്യത്തിൽ മരണ വീടുകളിൽ ആശ്വാസമായി സേവകരായി മാറുക എന്ന ലക്ഷ്യത്തോടെ പ്രായ - ലിംഗ ഭേദമന്യേ ചൊക്ലി മേനപ്രത്തെ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എറ്റെടുക്കാൻ മുന്നോട്ടു വന്നതോടെ ശവസംസ്ക്കാര സന്നദ്ധസേന എന്ന ആശയം ചൊക്ലിയിൽ യാഥാർത്ഥ്യ മാവുകയാണ്.

## Article Content

ചൊക്ലി: ദുഖ: സാന്ദ്രമായ സാഹചര്യത്തിൽ മരണ വീടുകളിൽ ആശ്വാസമായി സേവകരായി മാറുക എന്ന ലക്ഷ്യത്തോടെ പ്രായ - ലിംഗ ഭേദമന്യേ ചൊക്ലി മേനപ്രത്തെ ഒരു കൂട്ടം മനുഷ്യ സ്നേഹികൾ മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എറ്റെടുക്കാൻ മുന്നോട്ടു വന്നതോടെ ശവസംസ്ക്കാര സന്നദ്ധസേന എന്ന ആശയം ചൊക്ലിയിൽ യാഥാർത്ഥ്യ മാവുകയാണ്.

സിപിഎം മേനപ്രം ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ സേനയിൽ എല്ലാ മതസ്ഥരുടെയും ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുന്നതിന് പരിശീലനം നേടിയ 45 വളൻ്റിയർമാരാണുള്ളത്. നാട്ടിലെ കൂട്ടായ്മകൾക്ക് പരസ്പര സഹായബോധവും, സ്വയം സന്നദ്ധതയും നഷ്ടമാവുന്നു എന്ന തിരിച്ചറിവിലാണ് പ്രദേശത്തെ യുവതീ - യുവാക്കളെയടക്കം ഉൾപ്പെടുത്തി സന്നദ്ധ സേനയ്ക്ക് രൂപം നൽകിയത്.

ഫ്രീസർ, കുളിപ്പിക്കുന്നതിന് ആവശ്യമായ താൽക്കാലിക റും, പാത്രങ്ങൾ, ദഹിപ്പിക്കാനുള്ള സംവിധാനം, മയ്യത്ത് പരിപാലത്തിനുള്ള കഫപ്പുടവ, മരണ വീട്ടിലേക്കുള്ള ദിശാസൂചിക, ചെരുപ്പുകൾ സൂക്ഷിക്കാനുള്ള റാക്കുകൾ ഉൾപ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഈ സന്നദ്ധ സംഘം മരണം നടന്ന വീട്ടിൽ ഒരുക്കും. സ്ത്രീകളെ കുളിപ്പിക്കുന്നതിന് അതാത് മതത്തിൽപ്പെട്ട സ്ത്രീ വളൻ്റീയർമാർ തന്നെയുണ്ടാകും.

മരണവീട്ടിൽ കക്ഷി രാഷ്ട്രീയ - ജാതി മത വ്യത്യാസമില്ലാതെ എല്ലാവരിലെക്കും സേവനം ലഭ്യമാകും. ഹൈന്ദവാചാര പ്രകാരമുള്ള ശവ സംസ്കാരത്തിന് ഏഴായിരത്തിലധികം രൂപ സ്വകാര്യ ഏജൻസികൾ ഈടാക്കുന്ന ചടങ്ങുകൾ നിരാലംബരും നിർധനരുമായ വർക്ക് തികച്ചും സൗജന്യമായിരിക്കും. കർമ്മങ്ങൾ സൗജന്യമായി വേണ്ടതില്ലെന്ന തീരുമാനത്തിലുള്ളവരിൽ നിന്നും സന്നദ്ധസേനയുടെ സുഗമമായ നടത്തിപ്പിനായി സംഭാവന സ്വീകരിക്കും. സമ്മാനപദ്ധതിയിലൂടെയും ജനകീയ സഹകരണത്തോടെ യുമാണ് അവശ്യ സാധനസാമഗ്രികൾ വാങ്ങാൻ തുക സമാഹരിച്ചത്.

ആദ്യഘട്ടത്തിൽ ചൊക്ലി മേനപ്രം മേഖലയിൽ ഒതുങ്ങുമെങ്കിലും ക്രമേണ സമീപ പ്രദേശങ്ങളിൽ കൂടി സേവനം വ്യാപിപ്പിക്കാനാണ് തീരുമാനം. നാലു ഘട്ടങ്ങളിലായി വിദഗ്ദ പരിശീലനം നൽകിയ അതാത് മതത്തിൽപ്പെട്ട വളണ്ടിയർമാരെ സജ്ജമാക്കിയിട്ടുണ്ട്.

ഇവർക്ക് പ്രത്യേക യൂണിഫോമുകളുമുണ്ടാവും. ഐആർപിസിയാണ് സേനയെ മോണിറ്ററിങ് നടത്തുന്നത്. സന്നദ്ധ സേനയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് നോർത്ത് മേനപ്രം കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പൻ സ്മൃതി മണ്ഡപത്തിന് സമീപം സിപിഐ എം ജില്ലാ സെക്രടറി കെകെ രാഗേഷ് നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294672/cpm-volunteers-in-chokli-to-conduct-funerals-45-members-in-the-force)