---
title: "ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു  പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ ഡ്രൈവർമാർ"
english_title: "Champade auto drivers fight to save a mango tree planted on World Environment Day years ago"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294547/champade-auto-drivers-fight-to-save-a-mango-tree-planted-on-world-environment-day-years-ago"
published_at: "2025-06-05T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841c5e259796_Untitled-3_copy.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനത്തിൽ വർഷങ്ങൾക്ക് മുമ്പൊരു  പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചമ്പാട്ടെ ഓട്ടോ ഡ്രൈവർമാർ

> **Lead Summary:** ചമ്പാട്: ലോക പരിസ്ഥിതി ദിനം നാടെങ്ങും ആഘോഷിക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പൊരു പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ചമ്പാട്ടെ ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ.

## Article Content

ചമ്പാട്: ലോക പരിസ്ഥിതി ദിനം നാടെങ്ങും ആഘോഷിക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പൊരു പരിസ്ഥിതി ദിനത്തിൽ നട്ടുവളർത്തിയ നെല്ലിമരം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ചമ്പാട്ടെ ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ.

ചമ്പാട് - പൊന്ന്യം പാലം റോഡിൽ ചമ്പാട് വെസ്റ്റ് യുപി സ്കൂളിന് മുൻവശത്തെ നെല്ലിമരമാണ് മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നത്. നെല്ലിമരം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണ് ഓട്ടോ ഡ്രൈവർമാർ.

ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന കെ.വിജയനാണ് വർഷങ്ങൾക്ക് മുമ്പ് ഒരു പരിസ്ഥിതി ദിനത്തിൽ സ്കൂളിന് മുൻവശത്തായി നെല്ലിമരം നട്ടത്. സ്കൂളിന് മുന്നിൽ തന്നെ വളർന്ന നെല്ലിമരം അക്ഷരാർത്ഥത്തിൽ സ്കൂളിനും, തൊട്ട് മുന്നിലെ ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർമാർക്കും നൽകുന്ന കുളിർമ്മ ചെറുതായിരുന്നില്ല. എന്നാൽ ഇപ്പോൾ

സ്കൂളിലെ കിണറിനും, ചുമരിനും ഭീഷണിയാണെന്ന് കാണിച്ച് ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ പ്രധാനധ്യാപകൻ വി.പി രജിലേഷാണ് പിഡബ്ല്യുഡി അസി.എഞ്ചിനീയർക്ക് മരം മുറിച്ചു മാറ്റണമെന്ന പരാതി നൽകിയത്. വിവരം പുറത്തു വന്നതോടെ സ്കൂൾ പിടിഎയുടെ വ്യാജ പരാതിയിൻ സംരക്ഷിത മരത്തിൽപ്പെട്ട നെല്ലിമരം മുറിക്കാനുള്ള പി ഡബ്ല്യു ഡി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു മീത്തലെ ചമ്പാട് ഡിവിഷൻ കമ്മിറ്റി രംഗത്തെ ത്തി. എന്തു വില കൊടുത്തും നെല്ലിമരം മുറിക്കാനനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ഓട്ടോ ത്തൊഴിലാളികൾ. ഓട്ടോസ്റ്റാൻ്റിനോട് ചേർന്നുള്ള കൂറ്റൻ മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് 10 വർഷങ്ങൾക്ക് മുമ്പെ പരാതി നൽകിയതാണെന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഓട്ടോ ഡ്രൈവർമാർ കുറ്റപ്പെടുത്തി. ഈ കൂറ്റൻ മരത്തിന് സമീപത്തായാണ് മേലെ ചമ്പാട്ടെ അംഗനവാടിയും പ്രവർത്തിക്കുന്നത്.

അതേ സമയം മരംമുറിക്കാൻ പി.ടി.എ പരാതി നൽകിയിട്ടില്ലെന്ന് എക്സിക്യൂട്ടീവ് അംഗം നസീർ ഇടവലത്തും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294547/champade-auto-drivers-fight-to-save-a-mango-tree-planted-on-world-environment-day-years-ago)