---
title: "കണ്ണില്ലാത്ത ക്രൂരത ; നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തി യുവതിയും ആൺസുഹൃത്തും"
english_title: "Eyeless cruelty: Woman and boyfriend kill four-year-old daughter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293701/eyeless-cruelty-woman-and-boyfriend-kill-four-year-old-daughter"
published_at: "2025-06-02T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണില്ലാത്ത ക്രൂരത ; നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തി യുവതിയും ആൺസുഹൃത്തും

> **Lead Summary:** നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കാന്‍ 300 കിലോമീറ്ററോളം യാത്ര ചെയ്ത് യുവതി. രാജസ്ഥാന്‍ സ്വദേശിനിയായ റോഷണ്‍ബായിയും അവരുടെ ആണ്‍സുഹൃത്ത് മഹാവീര്‍ ബൈര്‍വ എന്നിവരാണ് കേസിലെ പ്രതികള്‍.

## Article Content

നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കാന്‍ 300 കിലോമീറ്ററോളം യാത്ര ചെയ്ത് യുവതി. രാജസ്ഥാന്‍ സ്വദേശിനിയായ റോഷണ്‍ബായിയും അവരുടെ ആണ്‍സുഹൃത്ത് മഹാവീര്‍ ബൈര്‍വ എന്നിവരാണ് കേസിലെ പ്രതികള്‍.

റോഷന്‍ബായിയും അവരുടെ സുഹൃത്ത് മഹാവീര്‍ ബൈര്‍വയും ജയ്പൂരിലെ ഒരു വാടക വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ദിവസവേതന തൊഴിലാളികളാണ്. മെയ് 28-ന് റോഷന്‍ബായിയും മഹാവീര്‍ ബൈര്‍വയും തമ്മിൽ വഴക്കുണ്ടാക്കുകയും അതൊടുവില്‍ നാലു വയസ്സുകാരി ഇഷികയുടെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

മൃതദേഹം മറവ് ചെയ്യുന്നതിനായി ജയ്പൂരില്‍ നിന്ന് ബാരനിലേക്ക് ഇരുവരും യാത്ര തിരിച്ചു. ഷാള്‍ കൊണ്ട് വരിഞ്ഞ് കെട്ടി, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് മൃതദേഹം കടത്തിയത്. ബന്‍വാര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മഹാവീര്‍ ബൈര്‍വയുടെ പിതാവിന്റെ വീട്ടില്‍ എവിടെയെങ്കിലും കുഴിച്ച് മൂടാനായിരുന്നു തീരുമാനം. എന്നാല്‍ വീട്ടിലെത്തിയ മഹാവീര്‍ ബൈര്‍വെ മൃതദേഹം ഒരു അലമാരയില്‍ എടുത്ത് വച്ച് കടന്നു കളഞ്ഞു.

അലമാരയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ ബൈര്‍വെയുടെ പിതാവിന് സംശയം തോന്നുകയും ഉടനെ ബന്‍വാര പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടുപിന്നാലെ റോഷന്‍ബായിയെയും മഹാവീര്‍ ബൈര്‍വയും തേടി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു ലോഡ്ജില്‍ നിന്ന് ഇരുവരെയും പിടികൂടുകയും ജയ്പൂര്‍ പോലീസിന് കൈമാറുകയും ചെയ്തു.

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. റോഷന്‍ബായിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഇഷിക. കഴിഞ്ഞ് ഏഴ് മാസങ്ങളായി ഇവര്‍ മഹാവീര്‍ ബൈര്‍വയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. അതേസമയം കൊലപാതകം, കവര്‍ച്ച, മോഷണം, ആക്രമണം തുടങ്ങി 15 ഗുരുതരമായ കേസുകള്‍ പ്രതിയാണ് മഹാവീര്‍ ബൈര്‍വ. ഒരു കര്‍ഷകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ഒരു മാസം മുന്‍പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293701/eyeless-cruelty-woman-and-boyfriend-kill-four-year-old-daughter)