---
title: "പാനൂരിൽ ക്വാറിവിഷയത്തിൽ ഇന്നും സംഘർഷാവസ്ഥ ; ബിജെപി നേതാവിനെതിരെ കേസ്, ബുധനാഴ്ച ജില്ലയിലെ എല്ലാ ക്വാറികളും അടച്ചിടും"
english_title: "Tensions continue in Panur over quarry issue; Case filed against BJP leader, all quarries in the district to be closed on Wednesday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278765/tensions-continue-in-panur-over-quarry-issue-case-filed-against-bjp-leader-all-quarries-in-the-district-to-be-closed-on-wednesday"
published_at: "2025-03-24T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e177a97f9fc_Untitled-4_copy.jpg"
keywords: []
---

# പാനൂരിൽ ക്വാറിവിഷയത്തിൽ ഇന്നും സംഘർഷാവസ്ഥ ; ബിജെപി നേതാവിനെതിരെ കേസ്, ബുധനാഴ്ച ജില്ലയിലെ എല്ലാ ക്വാറികളും അടച്ചിടും

> **Lead Summary:**  കൊളവല്ലൂർ:ക്വാറി ക്രഷർ ഉല്പന്നങ്ങളുമായി പോവുകയായിരുന്ന ലോറി തടഞ്ഞ് അക്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു.

## Article Content

 കൊളവല്ലൂർ:ക്വാറി ക്രഷർ ഉല്പന്നങ്ങളുമായി പോവുകയായിരുന്ന ലോറി തടഞ്ഞ് അക്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു.

ക്വാറി ക്രഷർ മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് സബ്ബ് കലക്ടർ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളെ അവഗണിച്ചു കൊണ്ട് ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ട് പോകുന്ന ക്രഷർ ഉടമകളുടെ നിലപാടിനെതിരെ പാനൂർ മേഖലയിൽ സംയുക്ത രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ക്രഷർ മേഖല സ്തംഭിപ്പിച്ചു കൊണ്ട് സമരം ഇന്നു മുതൽ ശക്തമാക്കിയിരുന്നു.

2023 ലെ വിലയിൽ 4 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനമായതെങ്കിലും തോന്നിയപോലെ വില ഈടാക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്ന് സമരക്കാർ ആരോപിച്ചു.

യോഗ തീരുമാനങ്ങൾ വില വെക്കാതെ അളവ് തൂക്കനിയമ വ്യവസ്ഥകൾ അവഗണിച്ചു കൊണ്ട് ഉല്പന്നങ്ങളുമായി പുറപ്പെട്ട ലോറികൾ കല്ലുവളപ്പ് പാനൂർ സ്റ്റോൺ ക്രഷറിന് മുമ്പിൽ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. പാനൂർ ഗ്രാനൈറ്റ്സ് എന്ന ലോറിയാണ് അക്രമിച്ചതത്രെ. ബിജെപി നേതാവായ മനോജ് പൊയിലൂരാണ് അതിക്രമം കാണിച്ചതെന്നാണ് പരാതി. അതേ സമയം സംയുക്ത സമര സമിതി നേതാക്കളായ രവീന്ദ്രൻകുന്നോത്ത്, സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി.പി. പ്രകാശൻ, സി.പുരുഷു മാസ്റ്റർ, കെ.മുകുന്ദൻ മാസ്റ്റർ, കെ.ടി.രാഗേഷ് എം.പി.മുകുന്ദൻ മാസ്റ്റർ, കെ.അശോകൻ, കെ.പി. റിനിൽ, ഏ.കെ ഭാസ്ക്കരൻ, ടി.പി. ഉത്തമൻ,രവീന്ദ്രൻ വി.കെ, രാജീവൻ എന്നിവരും സമര രംഗത്തുണ്ടായിരുന്നു. കൊളവല്ലൂർ പോലീസ് ഇൻസ്പക്ടർ സന്തോഷ് കളത്തിലിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ മുഴുവൻ ക്വാറികളും, ക്രഷർ യൂണിറ്റുകളും അടച്ചിടുമെന്ന് ഉടമകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278765/tensions-continue-in-panur-over-quarry-issue-case-filed-against-bjp-leader-all-quarries-in-the-district-to-be-closed-on-wednesday)