---
title: "ലഹരിക്കെതിരെ സന്ദേശമുയർത്തി  ചെറുവാഞ്ചേരി   പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം 15 മുതൽ"
english_title: "Cheruvanchery Poovathur Sree Mahavishnu Temple Festival to begin from 15th with message against drug abuse"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276475/cheruvanchery-poovathur-sree-mahavishnu-temple-festival-to-begin-from-15th-with-message-against-drug-abuse"
published_at: "2025-03-14T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d3b7bbcf7f1_Untitled-1_copy.jpg"
keywords: []
---

# ലഹരിക്കെതിരെ സന്ദേശമുയർത്തി  ചെറുവാഞ്ചേരി   പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം 15 മുതൽ

> **Lead Summary:** ചെറുവാഞ്ചേരി: ലഹരിക്കെതിരെ ജന മനസ്സ് എന്ന സന്ദേശവുമായി ഒരു നാടിനെ ഒറ്റക്കെട്ടായി അണിനിരത്താൻ ഉതകുന്ന പരിപാടികളോടെ ചെറുവാഞ്ചേരി പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം മാർച്ച് 15 മുതൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ചെറുവാഞ്ചേരി: ലഹരിക്കെതിരെ ജന മനസ്സ് എന്ന സന്ദേശവുമായി ഒരു നാടിനെ ഒറ്റക്കെട്ടായി അണിനിരത്താൻ ഉതകുന്ന പരിപാടികളോടെ ചെറുവാഞ്ചേരി പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം മാർച്ച് 15 മുതൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

15ന് ശനിയാഴ്ച വൈകുന്നേരം 5മണിക്ക് മേഖലയിലെ പള്ളിക്കമ്മിറ്റികളുടെയും രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടെ ചെറുവാഞ്ചേരി ടൗണിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മയും പ്രതിരോധ ചങ്ങലയും നൂറു കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഫ്ലാഷ് മോബും നടക്കും.

ചടങ്ങ് കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സന്തോഷ്‌ ഇല്ലോളിൽ അധ്യക്ഷനാകും. കണ്ണവം സർക്കിൾ ഇൻസ്‌പെക്ടർ കെ വി ഉമേഷ്, കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജിജിൻ കുമാർ പങ്കെടുക്കും. 16ന് ഞായറാഴ്ച 5.30ന് വിവിധ ക്ഷേത്രങ്ങളിലെ മാതൃ സമിതികളുടെ പങ്കാളിത്തത്തോടെ വിഷ്ണു സഹസ്രനാമാർച്ചന നടക്കും.

7 മണിക്ക് ആധ്യാത്മിക സമ്മേളനം ശബരിമല മുൻ മേൽ ശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രസിത ജയകുമാർ രചിച്ച ഭക്തി ഗാനങ്ങളുടെ സി ഡി പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് കുട്ടികളുടെ മെഗാ നൃത്തവും ഗാനമേളയും നടക്കും.

17 ന് വൈകുന്നേരം 6 മണിക്ക് എക്സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തും. അതോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശവുമായി ഇരുനൂറിൽ ഏറെ വനിതകൾ അണിനിരക്കുന്ന മെഗാ നൃത്തം ഈശ്വരീയം മാതൃ സമിതിയുടെ നേതൃത്വത്തിൽ നടക്കും.

തുടർന്ന് ലഹരി വിരുദ്ധ ജാഗ്രതാ സദസ്സും പ്രതിജ്ഞയും ദീപം തെളീക്കലും പാട്യം പഞ്ചായത്ത്‌ പ്രസിഡന്റ് എൻ വി ഷിനിജ ഉദ്ഘാടനം ചെയ്യും.തുടർന്ന് നൃത്തനൃത്യങ്ങൾ നടക്കും. 18ന് ചൊവ്വാഴ്ച പ്രതിഷ്ഠ വാർഷിക ചടങ്ങുകളുടെ ഭാഗമായി വിവിധ പൂജാദി കർമ്മങ്ങൾ നടക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സന്തോഷ്‌ ഇല്ലോളിൽ, പ്രസിഡന്റ് പി മനോജ്‌ കുമാർ ചോയൻ ബാലകൃഷ്ണൻ, പി ഗോപാലൻ, കെ ബാബു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276475/cheruvanchery-poovathur-sree-mahavishnu-temple-festival-to-begin-from-15th-with-message-against-drug-abuse)