---
title: "അസം പൊലീസിൻ്റെ കൃത്യവിലോപം ; ചക്കരക്കൽ പൊലീസ് സാഹസികമായി പിടികൂടി കൈമാറിയ പ്രതി  ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടു"
english_title: "Assam Police's negligence; The accused who was boldly arrested and handed over by Chakkarakkal Police escaped during the train journey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274501/assam-polices-negligence-the-accused-who-was-boldly-arrested-and-handed-over-by-chakkarakkal-police-escaped-during-the-train-journey"
published_at: "2025-03-04T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c73c310197a_Untitled-3_copy.jpg"
keywords: []
---

# അസം പൊലീസിൻ്റെ കൃത്യവിലോപം ; ചക്കരക്കൽ പൊലീസ് സാഹസികമായി പിടികൂടി കൈമാറിയ പ്രതി  ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണൂർ : **കടയുടമയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ചക്കരക്കല്ലിൽ വച്ച് അസം പോലീസ് അറസ്റ്റ് ചെയ്ത യുവാവ് രക്ഷപ്പെട്ടു. അസം ദുബരിയിലെ ഹർദിനാരയിലെ മൊയ്നുൽ ഹഖ് ആണ് തീവണ്ടിയാത്രയ്ക്കിടയിൽ രക്ഷപ്പെട്ടത്.

## Article Content

**കണ്ണൂർ : **കടയുടമയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ചക്കരക്കല്ലിൽ വച്ച് അസം പോലീസ് അറസ്റ്റ് ചെയ്ത യുവാവ് രക്ഷപ്പെട്ടു. അസം ദുബരിയിലെ ഹർദിനാരയിലെ മൊയ്നുൽ ഹഖ് ആണ് തീവണ്ടിയാത്രയ്ക്കിടയിൽ രക്ഷപ്പെട്ടത്.

കഴിഞ്ഞ 16ന് ഹർദിനാരയിലെ വ്യാപാരിയെ വെടിവച്ച കേസിൽ പ്രതിയാണ്. ആവശ്യപ്പെട്ട പണം നൽകാത്തതിനെ ത്തുടർന്നാണ് വെടിവച്ചത്. സംഭവശേഷം സ്ഥലത്ത് നിന്ന് മുങ്ങി കണ്ണൂരിലെത്തി. തുടർന്ന് ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരോട് കുടുക്കിമെട്ടയിൽ അസം സ്വദേ ശികളായ തൊഴിലാളികൾക്കൊപ്പം താമസമാക്കി. ചെമ്പിലോട് തലവിലിന് സമീപം ഒരു വീടിന്റെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇയാൾ. അസം പോലീസ് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന് മനസിലായി. തുടർന്ന് അസം പോലീസിലെ എസ്.ഐയും രണ്ട് പോലീസുകാരും ഞായറാഴ്ച‌ കണ്ണൂരിലെത്തി ചക്കരക്കൽ പോലീസിന്റെ സഹായം തേടി. ഇന്നലെ ഉച്ചയോടെ ചക്കരക്കൽ പോലീസിന്റെ സഹായത്തോടെ മൊയ്നുൽ ഹഖിനെ പിടികൂടി. തുടർന്ന് ഇന്നലെ രാത്രി കണ്ണൂരിൽ നിന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് ഷൊർണ്ണൂരിലേക്ക് പുറപ്പെട്ടു. ഷൊർണ്ണൂരിൽ നിന്ന് അസമിലേക്കുള്ള തീവണ്ടിയിൽ പോകാനായിരുന്നു പദ്ധതി.

കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചായിരുന്നു മൊയ്നുൽ ഹഖിനെ തീവണ്ടിയിലിരുത്തിയത്. തീവണ്ടിയാത്രയ്ക്കിടയിൽ എസ്.ഐയും, പോലീസുകാരും ഉറങ്ങി പോയെന്നാണ് കരുതുന്നത്. വണ്ടി ഇന്ന് പുലർച്ചെ നാലുമണിക്ക് ഷൊർണ്ണൂരിലെത്തിയപ്പോൾ മൊയൽ ഹഖിനെ കാണാനില്ലായിരുന്നു. കുറ്റിപ്പുറത്ത് വച്ച് ഇയാൾ തീവണ്ടിയിൽ നിന്ന് ചാടിപ്പോയെന്നാണ് കരുതുന്നത്. പ്രതി ചാടിപ്പോയ വിവരം ചക്കരക്കൽ പോലീസിനും ലഭിച്ചിട്ടുണ്ട്. ഷൊർണ്ണൂർ, കുറ്റിപ്പുറം പോലീസിൻ്റെ സഹായത്തോടെ ഇയാളെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274501/assam-polices-negligence-the-accused-who-was-boldly-arrested-and-handed-over-by-chakkarakkal-police-escaped-during-the-train-journey)