---
title: "പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച  കാമുകന് എലിവിഷം കലർത്തി ചായ നൽകി ; യുവാവ് ഗുരുതരാവസ്ഥയിൽ"
english_title: "Tea mixed with rat poison was given to boyfriend who tried to break up with him; young man in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274448/tea-mixed-with-rat-poison-was-given-to-boyfriend-who-tried-to-break-up-with-him-young-man-in-critical-condition"
published_at: "2025-03-04T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c709cfb577d_67c6e10b3a30d_dfsdf.jpg"
keywords: []
---

# പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച  കാമുകന് എലിവിഷം കലർത്തി ചായ നൽകി ; യുവാവ് ഗുരുതരാവസ്ഥയിൽ

> **Lead Summary:** വില്ലുപുരത്ത് കാമുകനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച് യുവതി. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ച യുവാവിന് ചായയില്‍ എലി വിഷം കലര്‍ത്തി നല്‍കി. യുവാവ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

## Article Content

വില്ലുപുരത്ത് കാമുകനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച് യുവതി. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ച യുവാവിന് ചായയില്‍ എലി വിഷം കലര്‍ത്തി നല്‍കി. യുവാവ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

രമ്യയും ജയസൂര്യയും അയല്‍വാസികളാണ്. കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ പ്രണയവിവരം വീട്ടുകാരറിഞ്ഞു. ഇരുവരോടും ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് വീട്ടുകാര്‍ പറഞ്ഞു.

രമ്യയോട് ഇനി സംസാരിക്കരുതെന്ന് പറഞ്ഞതിനാല്‍ ജയസൂര്യ രമ്യയെ പിന്നീട് വിളിച്ചില്ല. ഇതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് രമ്യ ഭീഷണിപ്പെടുത്തി. ഇതോടെ ഇരുവരും വീണ്ടും പ്രണയം തുടര്‍ന്നു.

എന്നാല്‍ ഇക്കാര്യമറിഞ്ഞ ജയസൂര്യയുടെ വീട്ടുകാര്‍ രമ്യയുടെ നമ്പര്‍ ബ്ലോക് ചെയ്തു. ഇതറിഞ്ഞ രമ്യ മറ്റൊരു നമ്പറിലൂടെ മെസേജ് അയച്ചു. ജയസൂര്യയുടെ വീട്ടുകാര്‍ ഈ സമയം ഉണ്ടായിരുന്നില്ല.

ജയസൂര്യയോട് തന്‍റെ വീട്ടിലെ ടെറസിലേക്ക് വരാനും ചായ ഉണ്ടാക്കി നല്‍കാമെന്നും പറഞ്ഞു. ഇവിടേക്കെത്തിയ ജയസൂര്യയ്ക്ക് രമ്യ എലിവിഷം കലര്‍ത്തിയ ചായ നല്‍കുകയായിരുന്നു.

പിന്നീട് രാത്രി വാട്സ് ആപ്പില്‍ മെസേജ് അയച്ച് എലിവിഷം കലര്‍ത്തിയ കാര്യം രമ്യ പറഞ്ഞു. ഇതോടെ സുഹൃത്തുക്കളുമായി ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് വില്ലുപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും ജയസൂര്യ ചികില്‍സതേടി.

ആരോഗ്യം വഷളായതോടെ പിന്നീട് ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയസൂര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് രമ്യയുടെ വാട്സ് ആപ്പ് സന്ദേശം വീട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274448/tea-mixed-with-rat-poison-was-given-to-boyfriend-who-tried-to-break-up-with-him-young-man-in-critical-condition)