---
title: "അനധികൃത ഓട്ടം ആരോപിച്ച് സിഐടിയു  പ്രവർത്തകർ  കണ്ണൂരിൽ  ഹൃദ്രോഗിയായ ഇലക്ട്രിക്  ഓട്ടോഡ്രൈവറെ മർദ്ദിച്ചു ; കേസ്"
english_title: "CITU activists beat up electric auto driver with heart condition in Kannur, alleging illegal racing; case registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273500/citu-activists-beat-up-electric-auto-driver-with-heart-condition-in-kannur-alleging-illegal-racing-case-registered"
published_at: "2025-02-28T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1579c4680a_67c1496666749_1.jpg"
keywords: []
---

# അനധികൃത ഓട്ടം ആരോപിച്ച് സിഐടിയു  പ്രവർത്തകർ  കണ്ണൂരിൽ  ഹൃദ്രോഗിയായ ഇലക്ട്രിക്  ഓട്ടോഡ്രൈവറെ മർദ്ദിച്ചു ; കേസ്

> **Lead Summary:** **കണ്ണൂർ :**അനധികൃതമായി നഗരത്തിൽ സർവീസ് നടത്തിയെന്നാരോപിച്ച് ഹൃദ്രോഗിയായ ഇലക്ട്രിക് ഓട്ടോഡ്രൈവറെ സി.ഐ.ടി.യു. സംഘടനയിലുള്ള ഓട്ടോഡ്രൈവർമാർ മർദ്ദിച്ചതായി പരാതി. കണ്ണാടിപ്പറമ്പിലെ സി.പി. സന്തോഷിനെ ആണ് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**കണ്ണൂർ :**അനധികൃതമായി നഗരത്തിൽ സർവീസ് നടത്തിയെന്നാരോപിച്ച് ഹൃദ്രോഗിയായ ഇലക്ട്രിക് ഓട്ടോഡ്രൈവറെ സി.ഐ.ടി.യു. സംഘടനയിലുള്ള ഓട്ടോഡ്രൈവർമാർ മർദ്ദിച്ചതായി പരാതി. കണ്ണാടിപ്പറമ്പിലെ സി.പി. സന്തോഷിനെ ആണ് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

പയ്യാമ്പലത്തിൽനിന്നുള്ള യാത്രക്കാരിയെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി തിരിച്ചുപോകുന്നതിനിടെ സംഘടിച്ചെത്തിയവർ മർദ്ദിച്ച് ഓട്ടോ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

പോലീസ് എത്തിയാണ് തന്നെ മർദ്ദനത്തിൽ നിന്ന് രക്ഷിച്ചതെന്നും അവരുടെ വാഹനത്തിലാണ് ജില്ലാ ആസ്പത്രിയിൽ എത്തിച്ചതെന്നും സന്തോഷ് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ സി.സി.ടി.വി. ക്യാമറകളിൽ ദൃശ്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എവിടെയും സർവീസ് നടത്താമെന്ന നിലയിൽ അധികൃതർ നൽകിയ രേഖയുമായാണ് തങ്ങൾ ജോലി ചെയ്ത് ജീവിക്കാൻ നിരത്തിലിറങ്ങുന്നതെന്നും ആരുടെയും തൊഴിലില്ലാതാക്കാനല്ലെന്നും കണ്ണൂർ ഇലക്ട്രിക് ഓട്ടോതൊഴിലാളി യൂണിയൻ (കെ.ഇ.എ.ടി.യു.) ജില്ലാ സെക്രട്ടറി എ.കെ. ഉദയൻ പറഞ്ഞു.

സ്റ്റാൻഡിൽ നിർത്തി ആളെ എടുക്കാറില്ല. ഓട്ടത്തിനിടെ കൈനീട്ടി വിളിക്കുന്നവരെ കയറ്റിയാണ് ജീവിക്കാനുള്ള വകയുണ്ടാക്കുന്നത്. തൊഴിലെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം തടയുന്നത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി നഗരത്തിലെത്തുന്ന ഓട്ടോയ്ക്കെിരേ നടപടി സ്വീകരിക്കാൻ അധികൃതരുടെ സാന്നിധ്യത്തിൽ തീരുമാനമുള്ളതാണെന്നും അതനുസരിച്ചുള്ള പ്രത്യക്ഷസമരമാണ് വ്യാഴാഴ്ച നടന്നതെന്നും ഓട്ടോ ലേബർ യൂണിയൻ (സി.ഐ.ടി.യു.) കണ്ണൂർ യൂണിറ്റ് സെക്രട്ടറി എ.വി. പ്രകാശൻ പറഞ്ഞു.

കോർപ്പറേഷൻ പരിധിയിൽ നമ്പറുമായി ഓടുന്ന ഓട്ടോറിക്ഷക്കാരുടെ തൊഴിലില്ലാതാക്കുന്ന പണിയാണ് അവർ എടുക്കുന്നത്. അത്തരം 530 വണ്ടികൾക്കെതിരേ 12 ദിവസം മുൻപ് പരാതി നൽകിയിട്ടുണ്ട്.

പുറത്ത് നിന്നെത്തുന്ന ഓട്ടോറിക്ഷകൾക്ക് ആളുകളെ ഇറക്കാം. കൈനീട്ടുന്നവരെ എടുത്തുപോകാം. അനധികൃതമായി വണ്ടിവെച്ച് വെല്ലുവിളിച്ചാൽ അക്കാര്യത്തിൽ ഇടപെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273500/citu-activists-beat-up-electric-auto-driver-with-heart-condition-in-kannur-alleging-illegal-racing-case-registered)