---
title: "ആർഭാട ജീവിതം നയിക്കാൻ കോഴിക്കോട് ലഹരി വിൽപ്പന ;  കോഴിക്കോട് ബി.ബി.എ  വിദ്യാർത്ഥി അറസ്റ്റിൽ"
english_title: "Student arrested for selling drugs in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272956/student-arrested-for-selling-drugs-in-kozhikode"
published_at: "2025-02-26T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67be8385050b7_67be172edd954_arrest.jpg"
keywords: []
---

# ആർഭാട ജീവിതം നയിക്കാൻ കോഴിക്കോട് ലഹരി വിൽപ്പന ;  കോഴിക്കോട് ബി.ബി.എ  വിദ്യാർത്ഥി അറസ്റ്റിൽ

> **Lead Summary:** ന​ഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തിയിരുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി ആണ് പിടിയിലായത്.

## Article Content

ന​ഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തിയിരുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി ആണ് പിടിയിലായത്.

ബിബിഎ വിദ്യാർത്ഥിയായ ശ്രാവണെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോക്ക് എസ്ഐ അനൂപ് സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്. രാമനാട്ടുകര, ഫറോക്ക് എന്നീ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന.

മലപ്പുറത്തു നിന്നും കോഴിക്കോട്ടേക്ക് കാറിൽ കൊണ്ടു വന്ന 105 ഗ്രാം എംഡിഎംഎയുമായിട്ടാണ് രാമനാട്ടുകരയിൽ വെച്ച് ശ്രാവൺ പിടിയിലായത്. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ശ്രാവൺ.

ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചു കൊടുക്കുന്നത്. എട്ട് മാസത്തോളമായി ആവശ്യക്കാർക്ക് ലഹരി എത്തിച്ച് കൊടുക്കുന്നതെന്നും, ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ആവശ്യക്കാർ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടാൽ നേരിട്ട് കൈമാറാതെ ചെറുപൊതികളിലാക്കി എവിടെ എങ്കിലും വച്ച് ഫോട്ടോ എടുത്ത് ഗൂഗിൾ ലൊക്കേഷനിലൂടെ കൈമാറുന്നതാണ് രീതി. പൊലീസ് ഒരിക്കലും പിടികൂടില്ലെന്ന വിശ്വാസത്തിൽ ലഹരി കച്ചവടം നടത്തിവരികയായിരുന്നു. മലപ്പുറത്തുനിന്നും കാറിൽ കൊണ്ടുവന്ന് ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ചു വരികയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272956/student-arrested-for-selling-drugs-in-kozhikode)