---
title: "തിരുവനന്തപുരത്തെ നടുക്കി കൂട്ടക്കൊലപാതകം ; മൂന്നിടങ്ങളിലായി 23കാരൻ  വെട്ടിക്കൊന്നത് 5 പേരെ,  പ്രതി കീഴടങ്ങി "
english_title: "Mass murder shakes Thiruvananthapuram; 23-year-old hacks 5 people to death in three places, suspect surrenders"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272655/mass-murder-shakes-thiruvananthapuram-23-year-old-hacks-5-people-to-death-in-three-places-suspect-surrenders"
published_at: "2025-02-24T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc939286fb4_461a17e9-6a70-4482-a58e-8f68a1f8742b.jpg"
keywords: []
---

# തിരുവനന്തപുരത്തെ നടുക്കി കൂട്ടക്കൊലപാതകം ; മൂന്നിടങ്ങളിലായി 23കാരൻ  വെട്ടിക്കൊന്നത് 5 പേരെ,  പ്രതി കീഴടങ്ങി 

> **Lead Summary:** തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.

## Article Content

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.

വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

സൽമാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂടിലെ വീട്ടിൽ വെച്ച് വെട്ടേറ്റ യുവാവിന്‍റെ മാതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകുകയായിരുന്നു. ഇതിനുപിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും എസ്എന്‍ പുരത്തും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

വെഞ്ഞാറമൂടിലെ പേരുമല, തിരുവനന്തപുരത്തെ പാങ്ങോട്, എസ്എൻ പുരം എന്നീ മൂന്നു സ്ഥലങ്ങളിലായാണ് പ്രതി കൊലപാതകം നടത്തിയത്. യുവാവിന്‍റെ പിതാവിന്‍റെ മാതാവാണ് പാങ്ങോട്ടെ വീട്ടിൽ കൊല്ലപ്പെട്ട സൽമാ ബീവി. പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന  എന്നിവരെയാണ് വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് പ്രതിയുടെ മാതാവ് ഷമീനയ്ക്കും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. പ്രതിയുടെ പിതാവിന്‍റെ സഹോദരനാണ് എസ്എൻ പുരത്ത് കൊല്ലപ്പെട്ട ലത്തീഫ്. ലത്തീഫിന്‍റെ ഭാര്യ ഷാഹിദയാണ് എസ്എൻ പുരത്തെ വീട്ടിൽ കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍. മൂന്നിടങ്ങളിലായി പ്രതി ആക്രമിച്ച ആറുപേരിൽ മാതാവ് മാത്രമാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ മുതലാണ് മൂന്നിടങ്ങളിലായി പ്രതി കൂട്ടക്കൊലപാതകം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272655/mass-murder-shakes-thiruvananthapuram-23-year-old-hacks-5-people-to-death-in-three-places-suspect-surrenders)